കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ ബ്രേക്ക് ദി ചെയിൻ പ്രോത്സാഹിപ്പിക്കാൻ കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്പെൻസര്‍ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് എഞ്ചിനീയറിങ് വിദ്യാർഥി ശ്രീനിവാസ് പൈ. കൈകള്‍ കൊണ്ടുള്ള സ്പർശനം ഒഴിവാക്കി പെഡൽ വെച്ച് കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന തരത്തിലാണ് ഇതിന്‍റെ നിര്‍മാണം. കാസർകോട് എൽബിഎസ് എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ ബിടെക് ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ് ശ്രീനിവാസ് പൈ.
സാനിറ്റൈസര്‍ കൈകള്‍ക്കൊണ്ട് തൊടുമ്പോള്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് താന്‍ ഇത്തരത്തിലൊരു പെഡല്‍ സാനിറ്റൈസർ ഡിസ്പെൻസര്‍ സംവിധാനം രൂപകല്‍പന ചെയ്തതെന്ന് ശ്രീനിവാസ് പൈ പറഞ്ഞു. പി.വി.സി പൈപ്പ്, സൈക്കിൾ ബ്രേക്ക് സിസ്റ്റം, കീടനാശിനി സ്പ്രെയർ, മരപ്പലക തുടങ്ങിയ സാമഗ്രികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 300 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന പെഡൽ സാനിറ്റൈസർ ഡിസ്പെൻസർ ചുമരിൽ നിർമിക്കുകയാണെങ്കിൽ ചെലവ് വീണ്ടും കുറക്കാമെന്നും ശ്രീനിവാസ് പൈ അവകാശപ്പെട്ടു.
കാസർകോട് എസ്‌പി ഓഫീസിലും, വെള്ളരിക്കുണ്ട് ആർടി ഓഫീസിലും ഇതിനകം ശ്രീനിവാസ് പൈയുടെ സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാനം പിടിച്ച് കഴിഞ്ഞു. ശ്രീനിവാസിനോട് ചേര്‍ന്ന് കോളജ് ജീവനക്കാരും, പിടിഎയും, കോളജ് യൂണിയനും പരിസരത്തുള്ള സർക്കാർ ഓഫീസുകളിലും ഇത് സൗജന്യമായി നിർമിച്ച് കൊടുക്കാനുള്ള പദ്ധതിയിലാണിപ്പോൾ. ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ നിര്‍മാണത്തെ കുറിച്ചും ശ്രീനിവാസും കൂട്ടുകാരും ചിന്തിക്കുന്നുണ്ട്.