കാസർകോട്: തലസ്ഥാനത്തേക്ക് പ്രതിഷേധവുമായി വീണ്ടും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. ഈ മാസം മുപ്പതിന് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിലധികമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും സർക്കാർ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്നും സമരസമിതി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷവും സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് സമരസമിതി പറയുന്നു. കഴിഞ്ഞ നാല് മാസത്തിലധികമായി ദുരിതബാധിതർക്ക് പ്രതിമാസ പെന്‍ഷന്‍ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പെന്‍ഷന്‍ മുടങ്ങുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് മുന്നോടിയായി ഈ മാസം പത്തൊമ്പതിന് കാസര്‍കോട് സമരജ്വാല സംഘടിപ്പിക്കും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം.