കാസർകോട്: സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. കാസര്‍കോട്ടെ നാല് ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. ഇവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.
2017 ലെ സുപ്രീം കോടതി വിധി പ്രകാരം നഷ്ടപരിഹാര തുക ലഭ്യമാകാത്തതിനെ തുടർന്നാണ് ദുരിതബാധിതരുടെ അമ്മമാർ വീണ്ടും കോടതിയെ സമീപിച്ചത്. സർക്കാരിന്റെ പട്ടികയിലുണ്ടായിട്ടും ആനുകൂല്യ വിതരണത്തിൽ നിന്നും മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. വിധിയിൽ സന്തോഷമുണ്ടെന്ന് കോടതിയെ സമീപിച്ച അമ്മമാർ പറഞ്ഞു.
നിലവിൽ 6722 പേരാണ് സർക്കാർ അംഗീകരിച്ച ദുരിതബാധിത പട്ടികയിൽ ഉള്ളത്. ഇതിൽ 1350 പേർക്ക് മാത്രമാണ് സുപ്രീം കോടതി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാര തുക ലഭിച്ചത്.1315 പേർക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് ലഭിച്ചത്. വിധിപ്രകാരം 1315 പേർക്ക് ബാക്കിയുള്ള രണ്ട് ലക്ഷം രൂപ ലഭിക്കാൻ അർഹതയുണ്ട്.
അതേ സമയം സർക്കാർ പെൻഷൻ മാത്രം ലഭിക്കുന്ന 4057 ദുരിതബാധിതർ നഷ്ടപരിഹാര തുകയൊന്നും ലഭിക്കാതെ പുറത്തുണ്ട്. ഇവർക്കായി നിയമ പോരാട്ടം നടത്തുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അറിയിച്ചു. അഡ്വ. കാളീശ്വരം രാജാണ് ഹർജിക്കാരായ നാല് അമ്മമാർക്ക് വേണ്ടി വാദിച്ചത്.