കാസർകോട്: കാസർകോട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എൻഡോസൾഫാൻ അല്ലെന്ന പ്രചാരണത്തിനെതിരെ പൊതു സമൂഹത്തിൽ വിമർശനമുയരുന്നു. ജില്ലാ കലക്ടർ അടക്കം ഉയർത്തിയ വാദത്തെ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും തള്ളി. അന്താരാഷ്ട്ര ഏജന്‍സികളടക്കം അംഗീകരിച്ച ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വീഡിയോ പോസ്റ്റിലൂടെ ഡോ. അഷീല്‍ കുറ്റപ്പെടുത്തുന്നു.
ജില്ലാ കലക്ടറായ ഡോ. ഡി സജിത്ത് ബാബുവും ചില കാര്‍ഷിക വിദഗ്‌ധരുമാണ് കാസർകോട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എൻഡോസൾഫാൻ അല്ലെന്ന പ്രചാരണം നടത്തുന്നത്. ഇതേ തുടര്‍ന്നാണ് കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വീഡിയോയിലൂടെ ഡോ. മുഹമ്മദ് അഷീല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനിലും സുപ്രീംകോടതിയിലും പരാജയപ്പെട്ട വാദങ്ങളെ വീണ്ടും ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഡോ. അഷീലിന്‍റെ വിലയിരുത്തല്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഡോ. അഷീല്‍ ഈ മേഖലയില്‍ നടന്ന പഠനത്തിന്‍റെ ശാസ്ത്രീയത വിശദീകരിച്ചാണ് ജില്ലാ കലക്ടറടക്കമുള്ളവര്‍ ഉന്നയിക്കുന്ന വാദങ്ങളെ തള്ളിക്കളയുന്നത്.
ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെയും ഡോ. അഷീല്‍ വിമര്‍ശിക്കുന്നുണ്ട്. പുനരധിവാസകാര്യത്തില്‍ സാമൂഹ്യരാഷ്ട്രീയ തീരുമാനത്തിനായിരിക്കണം പ്രാധാന്യമെന്ന് അഷീല്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് അനുകൂലമായി നേരത്തെ മുതല്‍ ഇത്തരം പ്രസ്താവനകൾ വന്നിരുന്നു. ഇപ്പോഴത്തെ നീക്കവും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്. എൻഡോസൾഫാൻ ഇരകളെ നോവൽ കഥാപാത്രങ്ങളെന്ന് പറഞ്ഞ കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയരുന്നുണ്ട്. കലക്ടർ സ്വീകരിക്കുന്നത് സർക്കാർ നിലപാട് ആണോ എന്ന് വ്യക്തമാക്കണമെന്നും ഇരകളെ പരിഹസിക്കുന്ന കലക്ടറെ എൻഡോസൾഫാൻ സെല്ലിന്റെ ചുമതലയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് പീഡിത ജനകീയ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്.