കാസർകോട്: വനമിറങ്ങി വീണ്ടും കാട്ടാനക്കൂട്ടം. കൂട്ടമായെത്തുന്ന കാട്ടാനകള്‍ കൃഷിയിടങ്ങള്‍ വ്യപകമായി നശിപ്പിക്കുന്നതിനാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങള്‍ ഭീതിയിലാണ്. എരിഞ്ഞിപ്പുഴ,റാണിപുരം, നെയ്യംകയം, കുണ്ടുച്ചി, പള്ളഞ്ചി, അഡൂര്‍, കാറഡുക്ക തുടങ്ങിയ സ്ഥല ങ്ങളിലാണ് കാട്ടാനകള്‍ വിഹരിക്കുന്നത്. നേരത്തെ രാത്രികാലങ്ങളിലാണ് ആനക്കൂട്ടം വനമിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ആനക്കൂട്ടം കൃഷിയിടങ്ങളിലുള്‍പ്പടെ എത്തുന്നു.
നട്ടുവളര്‍ത്തുന്ന കൃഷിയും അദ്ധ്വാനിച്ചുണ്ടാക്കുന്ന വീടും സമ്പാദ്യങ്ങളും ആനക്കലിയില്‍ പൊലിയുകയാണ്. റാണി പുരത്തെ നിരവധി കുടുംബങ്ങള്‍ കാട്ടാന ഭീതിയിലാണ് കഴിയുന്നത്. ഇരുപതോളം ആനകള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് പറയുന്നത്. കര്‍ണാടക വനത്തില്‍ നിന്നുമാണ് ആനക്കൂട്ടം കേരളാതിര്‍ത്തി കടന്നെത്തിയത്.
രണ്ട് മാസം മുന്‍പ് ആനകളെ തുരത്തി വിട്ടെങ്കിലും വീണ്ടുമെത്തിയതാണ് ആശങ്ക വര്‍ധിപ്പിച്ചത്. കിടങ്ങുകള്‍ നിര്‍മ്മിച്ചും ഫെന്‍സിങ് കെട്ടിയുള്ള പ്രതിരോധവും പാളുകയാണ്. ആനകളെ തിരിച്ച് കാട്ടിലേക്ക് കയറ്റാനുള്ള വനംവകുപ്പിന്‍റെ ശ്രമം പരാജയപ്പെട്ടു. വനം വകുപ്പിന് പരാതി നല്‍കിയാലും കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൃഷിനാശത്തിന് പുറമേ പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണി ആയിരിക്കുകയാണ് കാട്ടാനക്കൂട്ടം.
Also read: ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം; 18 ഏക്കർ കൃഷി നശിപ്പിച്ചു