കാസര്‍കോട്: വീട്ടിൽ വൈദ്യുതിയില്ലാത്തതിന്‍റെ പ്രയാസം കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച ഒമ്പതാം ക്ലാസുകാരിയുടെ വീട്ടിൽ വൈദ്യുതിയെത്തി. വീട്ടിൽ വൈദ്യുതി വെളിച്ചം മിന്നിയപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് അഫ്രീന. ഓൺലൈൻ പഠനത്തിനായി വാങ്ങിയ ഫോൺ ചാർജ് ചെയ്യാൻ അഫ്രീനക്ക് ഇനി അടുത്ത വീടുകളിലേക്ക് പോകേണ്ട. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് അഫ്രീനയുടെ വീട്ടിൽ വൈദ്യുതിയെത്തിയത്. വൈദ്യുതിയില്ലെന്നറിഞ്ഞ സ്‌കൂൾ ടീച്ചർ പ്രിൻസിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതാൻ നിർദേശിച്ചത്.
കൊവിഡ് കാലത്തെ തിരക്കിനിടയിലും പഠനത്തിൽ മിടുക്കിയായ അഫ്രീനയുടെ പ്രയാസത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി മറന്നില്ല. ചെർക്കപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെ വീട്ടിലാണ് ഉമ്മൂമ്മയടക്കമുള്ള അഫ്രീനയുടെ കുടുംബം കഴിഞ്ഞിരുന്നത്. സ്ഥലരേഖകളടക്കം ഒന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം വന്നയുടൻ പുല്ലൂർ പെരിയ പഞ്ചായത്തധികൃതരും കെ.എസ്.ഇ.ബി പെരിയ സെക്ഷൻ ജീവനക്കാരും ഇടപെട്ടു. വയറിങ് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് വ്യാഴാഴ്‌ച പകൽ വൈദ്യുതി കണക്ഷൻ നൽകിയത്. മൂന്ന് പോസ്റ്റുകളാണ് ഇവിടേക്ക് വൈദ്യുതി നൽകാനായി സ്ഥാപിച്ചത്. അഫ്രീനയുടെ വീടിനൊപ്പം ഇതേ സ്ഥലത്ത് രേഖകളൊന്നുമില്ലാതെ സമാന സാഹചര്യത്തിലുള്ള അഞ്ച് കുടുംബങ്ങൾക്കും വൈദ്യുതിയെത്തി.