കാസർകോട്: ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട പഞ്ചായത്തംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ താല്‍കാലികമായി അയോഗ്യനാക്കി. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം എസ് കൊഗ്ഗുവിനെതിരെയാണ് കമ്മീഷന്‍റെ നടപടി. സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.
ഹൈക്കോടതിയിൽ അപ്പീൽ നൽകി വിധി കാത്തിരിക്കെയാണ് കൊഗ്ഗു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഹൈക്കോടതി ശിക്ഷാകാലാവധി 4 വർഷം കഠിന തടവായി ചുരുക്കിയെങ്കിലും ശിക്ഷ റദ്ദാക്കിയിരുന്നില്ല. കോടതി വിധി നിലനിൽക്കെ കൊഗ്ഗു അംഗത്വം തുടരുന്നത് സംബന്ധിച്ച റിപ്പോര്‍ട് പഞ്ചായത്ത് സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്.
സുപ്രീംകോടതിയിൽ അപ്പീൽ നൽകി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങളിലായിരുന്നു കൊഗ്ഗു. എന്നാല്‍ അതിനിടെയാണ് കമ്മീഷന്‍ അയോഗ്യത ഉത്തരവ് പുറത്തിറക്കിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും അദ്ദേഹം നേരത്തേ രാജിവെച്ചിരുന്നു.
1998 ഒക്ടോബർ 9 നാണ് ബിഎംഎസ് പ്രവർത്തകൻ വിനു (19) കൊല്ലപ്പെട്ടത്. കേസിൽ കൊഗ്ഗുവിനു ജില്ലാ സെഷൻസ് കോടതി 7 വർഷം കഠിനതടവ് വിധിച്ചിരുന്നു. കൊഗ്ഗു ഉള്‍പ്പടെ ആകെ 3 പേരാണ് കേസിലെ പ്രതികള്‍.
Also read: ഒന്നര വയസുകാരിക്ക് വാക്‌സിൻ നൽകിയതിലെ പിഴവ്; നടപടിയെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷൻ