കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരിലെ സര്‍ക്കാര്‍ ആതുലായത്തിലെത്തുന്ന രോഗികള്‍ക്ക് ഇനി കുറിപ്പടികളുമായി ഓടി നടക്കേണ്ട. ഓണ്‍ലൈനില്‍ ഒപി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. വരി നില്‍ക്കാതെ ഡോക്ടര്‍മാരെ കാണാം, മരുന്നുകള്‍ കൈപ്പറ്റാം. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത ഹെല്‍ത്ത് കാര്‍ഡ് കൈയില്‍ കരുതിയാല്‍ മാത്രം മതി. ഒപി ടിക്കറ്റെടുത്ത് കഴിഞ്ഞാല്‍ രോഗിയുടെ വിവരങ്ങളെല്ലാം ഡോക്ടറുടെ പരിശോധന മുറിയിലെ കമ്പ്യൂട്ടറില്‍ തെളിയും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന ഹെല്‍ത്ത് കാര്‍ഡിലെ വിവരങ്ങള്‍ ഒപി കൗണ്ടര്‍, പ്രാഥമിക പരിശോധന മുറി, ലാബ്, ഫാര്‍മസി എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഇ-ഹെല്‍ത്ത് നടപ്പാക്കിയതോടെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് കേരളത്തിലെവിടെയുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്ക് പോയാലും അവരുടെ ആരോഗ്യ വിവരങ്ങള്‍ ഹെല്‍ത്ത് കാര്‍ഡിലൂടെ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാം. കടലാസ് രഹിതമാണ് ഇ-ഹെല്‍ത്ത് പദ്ധതി. ഇ-ഹെല്‍ത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മടിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 80 ശതമാനം ആളുകളും അംഗങ്ങളാണ്.