കാസർകോട്: മുന്‍ മന്ത്രിയും സിപിഐ സംസ്ഥാന അസി സെക്രട്ടറിയുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ ആക്രമിച്ച കേസില്‍ സാക്ഷികളായ സിപിഎം നേതാക്കൾ കൂറുമാറിയതിനെതിരെ സിപിഐ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളായ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടത്. ഇതോടെയാണ് സിപിഐ സിപിഎമ്മിനെതിരെ രംഗത്തെത്തിയത്.
തെളിവുകളുടെ അഭാവത്തിൽ 12 ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്. സാക്ഷികൾ കൂറുമാറിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്. സിപിഐയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം ജില്ല കമ്മിറ്റി അംഗം ഉൾപ്പെടെ കൂറുമാറിയതാണ് സിപിഐയുടെ കടുത്ത അതൃപ്‌തിക്ക് ഇടയാക്കിയത്.
ബിജെപി സിപിഎം ധാരണയുടെ ഭാഗമായാണ് ഈ കൂറുമാറ്റം എന്നാണ് ഉയരുന്ന ആരോപണം. നേരത്തെ സിപിഎം ജില്ല കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്‌ണൻ ഉൾപ്പെടെ 11 സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസിലെ വിചാരണക്കിടെ സാക്ഷികളായ ബിജെപി പ്രവർത്തകർ കൂറുമാറിയിരുന്നു. ഈ കേസിൽ സിപിഎം നേതാക്കളെയും പ്രവർത്തകരെയും കോടതി വെറുത വിട്ടിരുന്നു.
ഇതിന് പ്രത്യുപകാരമാണ് ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റമെന്നാണ് സിപിഐ ആരോപിക്കുന്നത്. സംഭവം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാനാണ് സിപിഐയുടെ നീക്കം. 2016 മേയ് 19-ന് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദ പ്രകടനത്തിനിടെയാണ് ചന്ദ്രശേഖരന് നേരെ അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റത്.
ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സിപിഎം ജില്ല കമ്മിറ്റിയംഗം ടികെ രവി 2022 നവംബർ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗം അനിൽ ബങ്കളമാണ് മൊഴി മാറ്റിയ മറ്റൊരാൾ. അതേസമയം സംഭവത്തിൽ സിപിഎം മൗനം തുടരുകയാണ്.