കാസര്‍കോട്: ബദിയടുക്ക-പുത്തൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റി തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ബദിയടുക്ക പെര്‍ള കരിമ്പിലയിലാണ് കുന്നിടിഞ്ഞ് പാത പൂര്‍ണമായും തകര്‍ന്നത്. കുന്ന് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ കാസര്‍കോട് നിന്ന് കര്‍ണാടകയിലെ പുത്തൂരിലേക്കുള്ള അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡിലെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ഒമ്പത് മീറ്റര്‍ വീതിയില്‍ ടാറിങ് ഉള്ള റോഡില്‍ ഇപ്പോള്‍ കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാനുള്ള സ്ഥലം മാത്രമാണ് ഉള്ളത്. ബസുകള്‍ അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ ഗതാഗതം പൂര്‍ണതോതില്‍ പുനരാരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടി വരും. മണ്ണ് പൂര്‍ണമായും ഒഴിവാക്കി പാത പുനര്‍നിര്‍മിക്കാന്‍ രണ്ട് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.