കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന് കെജിഎംഒഎ. ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ അരുണ്‍ റാമിനെ മര്‍ദിച്ചയാള്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഡോക്‌ടര്‍മാരുടെ അവധിയെടുത്തുള്ള പ്രതിഷേധം. അത്യാഹിത വിഭാഗത്തിലൊഴികെ തിങ്കളാഴ്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകില്ലെന്ന് കെജിഎംഒഎ അറിയിച്ചു.
രോഗികള്‍ക്കിടയില്‍ നിന്നും വരി തെറ്റിച്ച് ഒപിയില്‍ പ്രവേശിച്ചയാളോട് വരി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാണ് ഡോക്‌ടറെ കയ്യേറ്റം ചെയ്‌തത്. തുടര്‍ന്ന് ഡോക്ടറുടെ പരാതിയില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം മറ്റൊരു പരാതിയില്‍ ഡോക്‌ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് ഡോക്‌ടര്‍മാര്‍ ആരോപിച്ചു.
ഡോക്‌ടര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ജില്ലാ കലക്‌ടറെയും ജില്ലാ പൊലീസ് മേധാവിയെയും നേരില്‍ കണ്ട് പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് ഡോക്‌ടര്‍മാര്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ തുടര്‍ച്ചയായുണ്ടാകുന്ന അതിക്രമം ആസൂത്രിതമാണെന്നും കെജിഎംഒഎ ആരോപിച്ചു.