കാസര്‍കോട് : ശസ്‌ത്രക്രിയയ്‌ക്ക് തിയതി നിശ്ചയിക്കുന്നതിന് രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടര്‍ വെങ്കിടഗിരിയാണ് സസ്‌പെന്‍ഷനിലായത്. കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഒക്‌ടോബര്‍ 3 നാണ് ഇയാള്‍ വിജിലന്‍സിന്‍റെ പിടിയിലായത് (Doctor Suspended In Kasaragod).
ഹെര്‍ണിയ രോഗിയായ മധൂർ പട്ള സ്വദേശിയില്‍ നിന്നാണ് ഇയാള്‍ 2000 രൂപ കൈക്കൂലി കൈപ്പറ്റിയത്. ഹെര്‍ണിയയ്‌ക്ക് ചികിത്സ തേടി ഡോ. അഭിജിത്തിന്‍റെ പരിശോധനയ്‌ക്ക് വിധേയനായ രോഗിയ്‌ക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ശസ്‌ത്രക്രിയ നടത്തുന്നതിന് അനസ്‌തേഷ്യ വിഭാഗം ഡോക്‌ടറുടെ തീയതി വേണമെന്ന് ഡോ. അഭിജിത് അറിയിച്ചു. ഇതേ തുടര്‍ന്നാണ് രോഗി ഡോ. വെങ്കിടഗിരിയെ സമീപിച്ചത്.
ശസ്‌ത്രക്രിയ നടത്താന്‍ ഡിസംബറിലാണ് ഡോക്‌ടര്‍ തിയതി നല്‍കിയത്. എന്നാല്‍ ഈ തിയതി നേരത്തെയാക്കണമെന്ന് പറഞ്ഞപ്പോഴാണ് ഡോക്‌ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഡോക്‌ടര്‍ ആവശ്യപ്പെട്ടത് പ്രകാരം പണം നല്‍കുന്നതിനിടെയാണ് വിജിലന്‍സിന്‍റെ പിടിയിലായത്. വിജിലൻസ് ഡിവൈഎസ്‌പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്‌ടറെ പിടികൂടിയത്.