കാസർകോട്: സമൂഹ മാധ്യമങ്ങളില്‍ വൈറലായ എലിയുടെ ഡയമണ്ട് മോഷണം തങ്ങളുടെ ജ്വല്ലറിയില്‍ നിന്നുള്ള ദൃശ്യങ്ങളല്ലെന്ന് കാസർകോട് ബിന്ദു ജ്വല്ലറി മാനേജിങ് ഡയറക്‌ടര്‍ അഭിലാഷ്. ഏതാനും ദിവസമായി 'കാസര്‍കോട്ടെ ബിന്ദു ജ്വല്ലറിയിലെ കവര്‍ച്ച' എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ ദൃശ്യം പ്രചരിക്കുന്നുണ്ട്. കേരളത്തിന് പുറത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം പ്രചരിക്കുന്ന ഈ വീഡിയോ കാസര്‍കോട് നിന്നുള്ളതല്ലെന്നതാണ് വാസ്‌തവമെന്നും അഭിലാഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
ജില്ലയില്‍ കിസ്‌ന ബ്രാന്‍ഡിലുള്ള ഡയമണ്ട് ലഭിക്കുക ബിന്ദു ജ്വല്ലറിയില്‍ മാത്രമാണ്. അതായിരിക്കാം വ്യാജ പ്രചരണത്തിന് കാരണമായത്. കേരളത്തിലെ ജ്വല്ലറികളില്‍ രാത്രി ആഭരണങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാറില്ല. പകരം ലോക്കറിലാണ് സൂക്ഷിക്കാറുള്ളത്. ദൃശ്യങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാകാമെന്നും അഭിലാഷ് പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യം: 30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. രാത്രിയില്‍ ജുവലിറിയുടെ തട്ടിന്‍ പുറത്ത് നിന്നെത്തുന്ന എലി ആഭരണ ഡിസ്‌പ്ലേയ്‌ക്ക് അരികിലെത്തുന്നു. പതുക്കെ ചുറ്റും നോക്കുന്ന എലി ഡിസ്‌പ്ലേയില്‍ വച്ച നെക്ലസ് കടിച്ചെടുത്ത് സാവധാനം തട്ടിന്‍ പുറത്തേക്ക് ചാടി കയറുകയും ചെയ്യുന്നു. ഈ വീഡിയോ ആണ് 'കാസര്‍കോട്ടെ ബിന്ദു ജ്വല്ലറിയിലെ കവര്‍ച്ച' എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.