കാസർകോട്: മഞ്ചേശ്വരം മിയ പദവ് വിദ്യാ വർദ്ധക സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സഹ അധ്യാപകൻ വെങ്കിട രമണകാരന്തരയെയും സഹായിയെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ കാരന്തര, സഹായി മിയപ്പദവ് സ്വദേശി നിരഞ്ജൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലടക്കം മുങ്ങിമരണമാണെന്ന് പറഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മിയാ പദവിലെ പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. അധ്യാപികയെ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ്.പി ജയിംസ് ജോസഫ് പറഞ്ഞു. അതിന് ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു. വെങ്കിട്ട രമണയുടെ സഹായിയായ മിയാപദവ് സ്വദേശി നിരഞ്ജനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നിരഞ്ജന്‍റെ സഹായത്തോടെയാണ് കാറിൽ മൃതദേഹം കൊണ്ടുപോയത്.
അടുത്ത കാലത്തായി വെങ്കിട്ട രമണ രൂപശ്രീയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായും സൂചനയുണ്ട്. ഇതടക്കമുള്ള കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നിന്നും രൂപശ്രീയുടേതെന്ന് കരുതുന്ന മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിൽ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ കോയിപ്പാടി കടപ്പുറത്താണ് തലമുടി പൂർണ്ണമായി കൊഴിഞ്ഞ് വിവസ്ത്രയായ നിലയില്‍ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംഭവത്തിൽ വനിതാ കമ്മിഷനും റിപ്പോർട്ട് തേടിയിരുന്നു.