കാസർഗോഡ് പെരിയായിലെ ഇരട്ട കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊലപാതകം ആസൂത്രിതമാണെന്നും,സി.പി.എം നേതാക്കളുടെ പ്രസ്താവനക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഉമ്മൻചാണ്ടി കാസർഗോഡ് പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിനെതിരെ ഡി.സി.സി നടത്തിയ ഉപവാസത്തിലാണ് ഉമ്മൻചാണ്ടി സി.പി.എമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കൊലപാതകത്തിൽ പങ്കില്ലെന്ന സി.പി.എം നേതാക്കളുടെ വാക്കുകൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകണം. കൊലപാതകത്തിൽ പങ്കില്ലെന്ന് പറയുന്നവരുടെ പാർട്ടിയിലെ അംഗങ്ങൾ തന്നെയാകും അവസാനം പ്രതിയാകുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
പെരിയയിൽ നടന്നത് ആസൂത്രിത കൊലപാതം തന്നെയാണെന്നും, കൊലപാതകത്തിനായി സി.പി.എം കില്ലർ സ്‌ക്വാഡുകളെ ഉപയോഗിക്കുന്നുണ്ട്. ശുഹൈബിനെതിരെ നടന്നതും ഇതേ പോലെയുള്ള അക്രമമാണ്. ഇതിനെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പ്രതികരിക്കണമെന്നും അതിനുള്ള അവസരം വിനിയോഗിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.