കാസര്‍കോട്: നിറയെ പശുക്കൾ...ലിറ്റര്‍ കണക്കിന് പാൽ.. നല്ല വരുമാനം....നാടോടിക്കാറ്റ് സിനിമയിലെ ഈ ഡയലോഗ് അത്ര പെട്ടന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. സിനിമയിലെ ദാസനനെയും വിജയനെയും പോലെ സ്വപ്‌നം കണ്ടാണ് ഉദുമ സ്വദേശിയായ ആരിഫ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പശുവിനെ വാങ്ങിയത്. ക്ഷീര കൃഷിയില്‍ താത്‌പര്യം വര്‍ധിച്ചതോടെ അധ്യാപന ജോലി ഉപേക്ഷിച്ചായിരുന്നു കൃഷിയിലേക്കുള്ള ആരിഫയുടെ വരവ്. സ്വന്തം സഹോദരിയുടെ സ്വര്‍ണമാല വാങ്ങി പണയം വച്ചാണ് തുടക്കം.
പശുവിനെ വാങ്ങി ദിവസങ്ങള്‍ പിന്നിട്ടതോടെ പശു കുത്താനും തൊഴിക്കാനും തുടങ്ങി. ഇതോടെ ദാസന്‍റെയും വിജയന്‍റെയും സ്വപ്‌നം പോലെ തന്നെയായി ആരിഫയുടെ പ്രതീക്ഷകളും. എന്നാല്‍ തോറ്റ് പിന്‍വാങ്ങാന്‍ ആരിഫ തയ്യാറായില്ല. 'ഒന്നുകിൽ പശുവളർത്തൽ നിർത്തുക അല്ലെങ്കിൽ നല്ലൊരു ക്ഷീര കർഷകയാകുക' എന്നത് മനസില്‍ ഉറപ്പിച്ചു.
ആദ്യത്തെ പശുവിനെ വിറ്റ് മറ്റൊരു പശുവിനെ വാങ്ങി. ഇതാണ് ആരിഫയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഒരു പശുവിൽ നിന്നും രണ്ടായി, മൂന്നായി ഇപ്പോൾ എട്ട് കറവ പശുക്കളും 6 കിടാവുകളുമാണ് ആരിഫയ്‌ക്കുള്ളത്. പശുക്കളെ പരിപാലിച്ച് ശീലമില്ലാത്ത ആരിഫ കറവ അടക്കം യൂടൂബ് നോക്കിയാണ് പഠിച്ചത്. ആദ്യമൊക്കെ പ്രയാസം ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്നേഹം കൊണ്ട് മിണ്ടാപ്രാണികളെ ആരിഫ കീഴ്‌പ്പെടുത്തി. കൈകൊണ്ടും മെഷീൻ ഉപയോഗിച്ചും ഇപ്പോൾ പശുവിനെ കറക്കും.
കുട്ടിക്കാലത്ത് പിതാവ് പശുവിനെ വളര്‍ത്തിയിരുന്നു. അത് മാത്രമാണ് ആരിഫയ്ക്ക് പശുക്കളുമായുള്ള ബന്ധം. എന്നാൽ ആ സമയം പശുക്കളെ പേടിയായിരുന്നു. പിന്നീട് പശുക്കളോട് ഇഷ്‌ടം തോന്നിയതോടെയാണ് കൃഷിയില്‍ കാര്യമായ അറിവില്ലാതിരുന്നിട്ടും പശുവിനെ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ മൂന്നു വർഷം കൊണ്ട് വീടിന് സമീപത്ത് സ്ഥലം വാങ്ങി ഫാം നിര്‍മിച്ചു. ഫാമില്‍ നിന്നുള്ള ചാണകം ശേഖരിക്കാന്‍ അവിടെ പ്രത്യേകം മുറിയും തയാറാക്കി.
ചാണകം ബയോ ഗ്യാസാക്കി മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്ഷീര സംരംഭത്തിന് പശുക്കള്‍ ഉള്‍പ്പെടെ ലക്ഷ കണക്കിന് രൂപ വായ്‌പ എടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നല്ലൊരു ശതമാനം പശുക്കളില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നും അടച്ച് തീര്‍ക്കാനും കഴിഞ്ഞെന്ന് ആരിഫ പറയുന്നു.
പാല്‍ വില്‍പനയ്ക്ക് പുറമെ പാലുത്പന്നങ്ങളും ആരിഫ വില്‍ക്കുന്നുണ്ട്. തൈരും മോരും നെയ്യും പനീറുമൊക്കെയാണ് വില്‍ക്കുന്നത്. എന്നാൽ ഇതിലും ആദ്യം പരിശീലനക്കുറവ് വില്ലനായിരുന്നു. ആരിഫയുടെ പ്രവര്‍ത്തനം കണ്ട് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പാലുത്പന്ന നിര്‍മാണ പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു.
അങ്ങനെ കാസര്‍കോട് നിന്നും കോഴിക്കോട്ടെത്തി 10 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനം ലഭിച്ചതോടെ ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെയാണിപ്പോള്‍ ആരിഫ ഇവയെല്ലാം ഉണ്ടാക്കുന്നത്. പരിശീലനം നേടിയെന്ന് മാത്രമല്ല അതിന് പിന്നാലെ ഉത്‌പന്നങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു. ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനും ലൈസന്‍സും കൂടി ലഭിച്ചതോടെ ഇത് വലിയൊരു സംരംഭമായി വളര്‍ന്നുതുടങ്ങി. ഉത്‌പന്നങ്ങളെല്ലാം വിറ്റഴിക്കാന്‍ ഒരു കടയും ആരിഫ ആരംഭിച്ചു. ഇതുകൂടാതെ എക്‌സിബിഷനുകള്‍ ഉണ്ടാകുമ്പോള്‍ പാല്‍ ഉത്‌പന്നങ്ങളുടെ സ്റ്റാളും ആരിഫ നടത്താറുണ്ട്.
അതിരാവിലെ മൂന്നര മണിയോടെയാണ് ആരിഫയുടെ ഒരു ദിവസത്തെ ജോലികള്‍ ആരംഭിക്കുക. ആദ്യം ചെയ്യുന്നത് നേരത്തെ തയ്യാറാക്കിയിട്ടുള്ള ഉത്‌പന്നങ്ങളുടെയെല്ലാം പാക്കിങ്ങാണ്. അതിന് ശേഷം നേരെ തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെയെല്ലാം കുളിപ്പിച്ചതിന് ശേഷമാണ് കറവയുടെ തുടക്കം. കറവ പൂര്‍ത്തിയാകുന്നതോടെ പശുക്കള്‍ക്ക് പുല്ല് നല്‍കും. അപ്പോഴേക്കും സമയം എട്ടുമണിയോട് അടുത്തിരിക്കും. പിന്നീട് നേരെ കറന്നെടുത്ത പാലെല്ലാം അളന്ന് ചിട്ടപ്പെടുത്തി സ്‌കൂട്ടറില്‍ വയ്‌ക്കും. തുടര്‍ന്ന് നേരെ തന്‍റെ കടയിലെത്തും. നേരം പുലരുമ്പോഴേക്കും ആരിഫയുടെ ഫാമില്‍ നിന്നുള്ള പാല്‍ ഉദുമയിലെ വീടുകളിലെല്ലാം എത്തി തുടങ്ങും.
ആരിഫയുടെ ഉയര്‍ച്ചയ്‌ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നത് ഭര്‍ത്താവും അധ്യാപകനുമായ മുഹമ്മദ് ഷമീറും മക്കളുമാണ്. പരിശീലനത്തിന് പോകുന്ന സമയത്തെല്ലാം പശുക്കളെ പരിപാലിച്ചതും കറവ നടത്തിയതുമെല്ലാം ഷമീറായിരുന്നു. നിത്യവും രാവിലെ പശുവിനെ കറക്കാനും ആരിഫയ്‌ക്കൊപ്പം ഷമീറും ഉണ്ടാകും. മക്കളായ ഷമീല, സുഹൈല, അമീന്‍, അമാന്‍ എന്നിവരും ഒഴിവ് സമയങ്ങളില്‍ സഹായത്തിനെത്താറുണ്ട്. ഇവരുടെയെല്ലാം പ്രചോദനവും പിന്തുണയുമാണ് ആരിഫയെ മുന്നോട്ട് നയിക്കുന്നത്.