കാസർകോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൽ റഹ്‌മാന്‍റെ കൊലപാതകം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. കണ്ണൂർ എസ്‌പി മൊയ്‌തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എംഎസ്എഫ് നേതാവ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരുടെ അറസ്റ്റാണ് പുലർച്ചയോടെ രേഖപ്പെടുത്തിയത്. മുഖ്യപ്രതി ഇർഷാദിനൊപ്പം കൃത്യത്തിൽ പങ്കെടുത്തവരാണ് ഹസനും ആഷിറും.
സംഭവത്തിൽ ഇരുവരും നേരിട്ട് പങ്കാളികളാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വെള്ളിയാഴ്‌ച കസ്റ്റഡിയിലെടുത്ത ഇരുവരെയും ഹോസ്‌ദുർഗ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്‌തിരുന്നു. കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ഇവരിൽ നിന്നും പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് മുഖ്യപ്രതിയായ ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയുൾപ്പടെയുളള തൊണ്ടി മുതലുകൾ കണ്ടെത്തുന്നത് നിർണായകമാണ്. ശാരീരിക അസ്വാസ്ഥ്യം കാരണം ചികിത്സയിലുള്ള ഇർഷാദ് സുഖം പ്രാപിച്ചാൽ കേസിന്‍റെ നടപടികൾ തുടരും.