കാസര്‍കോട്: ജമാഅത്തെ ഇസ്‌ലാമി-ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രി തുടക്കമിട്ട രാഷ്ട്രീയ നീക്കം ഏറ്റെടുത്ത് പാർട്ടി സെക്രട്ടറി. ആര്‍എസ്എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണ് അവരുടെ ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണ് രൂപപ്പെടുന്നത്. വെല്‍ഫെയര്‍–കോണ്‍ഗ്രസ്–ലീഗ് ത്രയമാണ് ചര്‍ച്ചയ്ക്ക് പിന്നില്‍. ജനകീയ പ്രതിരോധ ജാഥയ്‌ക്കിടെ കാസര്‍കോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സിപിഎം ഇസ്‌ലാമോഫോബിയ പടർത്തുന്നുവെന്നാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് പറയുന്നത്. എന്നാല്‍ രണ്ട് വർഗീയ ശക്തികളായ ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മുതിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദു ഹിന്ദുത്വ നയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോര്‍പ്പറേറ്റുകളോടുള്ള സമീപനവും സാമ്പത്തിക നയവും കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെയാണ്.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന കോൺഗ്രസിന്‍റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നു പറഞ്ഞു. കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്‌ഗഡില്‍ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്‌ഡ് നടത്തുന്നു.
ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ല. കെപിസിസിക്ക് ബിജെപിയേയാണ് പഥ്യം.
മോദിയും പിണറായിയും തമ്മില്‍ വ്യത്യാസമില്ലെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പ്രസ്‌താവന ശരിയായ കാഴ്‌ചപ്പാടില്ലാത്തതിന്‍റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങളും വേട്ടയാടുകപ്പെടുകയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാകവചം: ജനകീയ ബദൽ നയങ്ങൾ ഉയർത്തിയാണ് സംസ്ഥാന സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത്. വാഹനത്തിലല്ല, നടന്നാണ് ജാഥ നടത്തേണ്ടതെന്ന കോൺഗ്രസ് വിമർശനത്തില്‍ കാര്യമില്ല. സിപിഎം പ്രവർത്തകർ ജനുവരിയിൽ വലിയ രീതിയിൽ ഗൃഹസന്ദർശന പരിപാടികളിലുടെ ഓരോ വീട്ടിലും എത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു.
അതിന് ശേഷമാണ് ജനകീയ ജാഥ നടത്തുന്നത്. കേന്ദ്രസർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാകവചം തീർക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.