കാസർകോട്: കൊവിഡ് കേസുകൾ ഉയരുമ്പോഴും നൂറ്റിയമ്പതിലധികം പേരെ പങ്കെടുപ്പിച്ച് ജില്ല സമ്മേളനം നടത്താൻ സിപിഎം. ഒരു പരിപാടിയിലും അമ്പതു പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന് ജില്ല കലക്‌ടറുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് 185 പേരെ പങ്കെടുപ്പിച്ചു ജില്ല സമ്മേളനം നടത്തുമെന്ന് സിപിഎം കാസർകോട് ജില്ല സെക്രട്ടറി എം.വി ബാലകൃഷ്‌ണന്‍ തന്നെ വ്യക്തമാക്കിയത്.
500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളിലാണ് പരിപാടി നടക്കുന്നതെന്നും അവിടെ 185 പേർ മാത്രമേ ഉണ്ടാകുവെന്നാണ് ബാലകൃഷ്‌ണന്‍ അറിയിച്ചത്. ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമ്പോൾ തെറ്റായ സന്ദേശം സമൂഹത്തിനു നൽകില്ലേ എന്ന ചോദ്യത്തിന് മുൻവിധി വേണ്ടെന്നും മാനദണ്ഡം പ്രകാരം പരിപാടി നടക്കുമെന്നുമാണ് നേതാക്കളുടെ വാദം.
മടിക്കൈ അമ്പലത്തുകരയിൽ ജനുവരി 21, 22, 23 തീയതികളിലായാണ് ജില്ല സമ്മേളനം നടക്കുന്നത്. സിപിഎമ്മിന് വലിയ സ്വാധീനമുള്ള സ്ഥലമാണ് മടികൈ. അതുകൊണ്ടുതന്നെ സമ്മേളനത്തിന് കൂടുതൽ ആളുകൾ എത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കാസർകോട് എല്ലാ തരത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, മത-സാമുദായിക പൊതു പരിപാടികളിലും വിവാഹ, മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അമ്പതു പേരായി പരിമിതപ്പെടുത്തി ജില്ല കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവ് ഇറക്കിയിരുന്നു.
ജില്ലയിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാരിൽ നിന്ന് കർശന നിർദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നായിരുന്നു കലക്‌ടര്‍ അറിയിച്ചത്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ ശരാശരി 23 ശതമാനത്തിനു മുകളിലാണ്. ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഇതിനിടെയാണ് സിപിഎമ്മിന്‍റെ ജില്ല സമ്മേളനത്തിൽ 185 പേർ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി തന്നെ അറിയിച്ചത്. കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് ജില്ല സമ്മേളന അനുബന്ധ പരിപാടികൾ മാറ്റി വച്ചിരുന്നു.
Also read: കൊവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും