കാസര്‍കോട്: കര്‍ക്കടകത്തില്‍ ഇഴമുറിയാതെ മഴപെയ്യുന്ന ഉത്തര മലബാറിലെ നാട്ടുവഴികളിലൂടെ ചെമ്പട്ടുടുത്ത് മണി കിലുക്കി ഇത്തവണ കുട്ടിതെയ്യങ്ങളെത്തില്ല. മാറിയ കാലത്തെ മഹാമാരിക്ക് പുറത്തിറങ്ങാതെ പ്രതിരോധം തീര്‍ക്കുകയാണ് കുട്ടിതെയ്യങ്ങള്‍. പുറത്തിറങ്ങാതെയും സമ്പര്‍ക്കം കഴിവതും ഒഴിവാക്കിയും മാത്രമെ കൊവിഡെന്ന മാഹാമാരിയെ നേരിടാന്‍ കഴിയുകയുള്ളു എന്ന തിരിച്ചറിവാണ് കലാകാരന്മാരെ ഇത്തവണ പിന്നോട്ട് വലിച്ചത്. കര്‍ക്കടക മാസത്തില്‍ ഉത്തര മലബാറില്‍ സജീവമായിരുന്ന ആടിവേടൻമാരാണ് അരങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. കർക്കടകം ഒന്ന് പിറന്നാൽ വടക്കന്‍ മലബാറിലെ ഭവനങ്ങളില്‍ മണികിലുക്കി കുട്ടിതെയ്യങ്ങള്‍ എത്തുന്നത് പതിവാണ്.
പുരാണത്തിലെ ശിവപാര്‍വതി സങ്കല്പത്തിലുള്ള ആടിയും വേടനും മറുതയും ഭവനങ്ങളിൽ എത്തിയാൽ ആധികളും വ്യാധികളും അകന്ന് ഐശ്വര്യം വരുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെയ്യങ്ങള്‍ ഊരുചുറ്റുന്നത് വിലക്കപ്പെട്ടു. ഇതോടെ തെയ്യം കെട്ടിയാടി ഉപജീവനം നടത്തുന്നവരുടെ വീടുകള്‍ വറുതിയിലായി. കൊവിഡ് ഭീതിയിൽ ഒരു തെയ്യാട്ടക്കാലം മുഴുവൻ നിശ്ചലമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽപ്പെട്ട് കർക്കടക തെയ്യങ്ങളും നാട്ടിൻ പുറങ്ങളിൽ നിന്നും അകലുന്നത്.