കാസര്‍കോട്: കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് കളിയാട്ടക്കാവുകൾ നിശ്ചലമായതോടെ തെയ്യം കലാകാരന്മാരുടെ നിത്യജീവിതം ദുരിതത്തിലായി. ഉത്തരകേരളത്തിലെ കാവുകളിൽ തെയ്യങ്ങളുടെ ചിലമ്പൊലി ഉയർന്നു കേൾക്കേണ്ട സമയമാണിത്. പെരുങ്കളിയാട്ടങ്ങളും വയനാട്ടുകുലവൻ തെയ്യം കെട്ടുകളുമൊക്കെയായി അനുഗ്രഹ വര്‍ഷം ചൊരിയേണ്ട നാളുകൾ. തുലാം പത്തിന് തുടങ്ങി ആറ് മാസക്കാലമാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്. എന്നാല്‍ കൊവിഡ് രോഗവ്യാപനക്കാലത്ത് തെയ്യാട്ടം നിലച്ചു. തെയ്യം കലാകാരന്മാരും പട്ടിണിയിലായി. മറ്റു കലാകാരന്മാർക്ക് കൈത്താങ്ങായത് പോലെ സർക്കാർ സഹായമുണ്ടാകുമെന്ന ഏക പ്രതീക്ഷയിലാണ് ഇവര്‍.
തെയ്യക്കാലത്തെ ആറ് മാസങ്ങളില്‍ രാപ്പകൽ അലച്ചലിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അടുത്ത ആറ് മാസക്കാലത്തെ വറുതിയിൽ നിന്നും ഈ കലാകാരന്മാർ കര കയറുന്നത്. വൻതുക കടം വാങ്ങിയാണ് ഇവർ തെയ്യം അണിയലങ്ങൾ നിർമിക്കുന്നത്. തെയ്യക്കാലത്തെ വരുമാനം പ്രതീക്ഷിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. എന്നാൽ കൊവിഡ് വ്യാപനം ഇവരെ തളർത്തി. സമൂഹ അകലം പാലിച്ചു വീട്ടിൽ കഴിയുമ്പോൾ നിത്യചെലവിന് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നാടിന് അനുഗ്രഹമാകേണ്ട കലാകാരൻമാർ.