കാസര്‍കോട്: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്‌ടര്‍ ഡോ.ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂര്‍ണമായി അടച്ചു.
തലപ്പാടി ദേശീയ പാത, അടുക്കസ്ഥല-അഡ്യാനടുക്ക റോഡ്, ആദൂര്‍- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂര്‍ ചെമ്പേരി മടിക്കേരി റോഡ് എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ കടത്തി വിടൂ. ഡോക്‌ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസുകാര്‍ എന്നിവരടങ്ങിയ സംഘം അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധനക്ക് ഉണ്ടായിരിക്കും. കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.