കാസർകോട് : കാസർകോട്ട് സർക്കാർ നിർദേശം ലംഘിച്ചു കടകൾ തുറന്നതിനെത്തുടർന്ന് കലക്ടർ നേരിട്ട് എത്തി അടപ്പിച്ചു. കട ഉടമകൾക്കെതിരെ കേസ് എടുത്തുട്ടുണ്ട്. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കരുതെന്ന നിർദേശം നിലനിൽക്കെയാണ് എട്ട് കടകൾ തുറന്നത്. 11 മണി മുതൽ അഞ്ചു മാണി വരെ മാത്രമേ കടകൾ തുറക്കാവൂ എന്നായിരുന്നു സർക്കാർ നിർദേശം. അതേസമയം കോഴിക്കോട് നിന്നും മാവേലി എക്‌സ്‌പ്രസില്‍ കാസർകോടുവരെ യാത്ര ചെയ്ത രോഗം സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടിക പൂർണ്ണമാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. രോഗിയുടെ നിസ്സഹകരണമാണ് കാരണമെന്ന് അധികൃതർ പറഞ്ഞു. മംഗലാപുരത്തു രക്ത പരിശോധന നടത്തിയതടക്കമുള്ള കാര്യങ്ങൾ മറച്ചു വെച്ചെന്നും എവിടെയൊക്കെ പോയി എന്നത് ദുരൂഹമായി തുടരുന്നു എന്നും അധികൃതർ അറിയിച്ചു. ഇതേ സമയം മാർച്ച് 21 മുതൽ രണ്ടാഴ്ച കാലത്തേക്ക് കാസർകോഡ് ജില്ലയിലെ എല്ലാ ബാർബർഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കാസർകോഡ്- മംഗളൂരു സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്‍റെ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ സിന്ധു ബി രൂപേഷ് കേരളത്തിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൂടായെ തലപ്പാടിയിലെ അതിർത്തി ചെക്ക് പോസ്റ്റ് അടച്ചു. അടിയന്തര കാര്യങ്ങൾക്ക് മാത്രമേ ചെക്ക് പോസ്റ്റ് വഴി വാഹനം കടത്തി വിടുകയുള്ളു എന്നും അധികൃതർ അറിയിച്ചു.