കാസര്‍കോട്: 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന കൊവിഡ്-19 സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം കാസര്‍കോട് തെക്കില്‍ വില്ലേജില്‍ പുരോഗമിക്കുന്നു. ആശുപത്രിയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ഒരു നാട് മുഴുവന്‍. ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ചാണ് ആശുപത്രി നിര്‍മിക്കുന്നത്.
ഇപ്പോള്‍ ജെസിബികള്‍ ഉപയോഗിച്ച് നിലംനിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഒരു കൂട്ടം കരാറുകാര്‍ സൗജന്യമായി വിട്ടുനല്‍കിയ ജെസിബികള്‍ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ചെരിവുള്ള പ്രദേശമായതിനാൽ നിലം നിരപ്പാക്കലിന് രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് കണക്കുകൂട്ടൽ. ടാറ്റയുടെ പത്ത് സാങ്കേതിക വിദഗ്‌ദരാണ് ആശുപത്രി നിർമാണത്തിനായി കാസർകോട്ടുള്ളത്. നിലംനിരപ്പാക്കല്‍ പൂർത്തിയാകുന്ന മുറക്ക് പ്രീ ഫാബ് സാമഗ്രികളും നൂറോളം തൊഴിലാളികളും കാസർകോട്ടെത്തും. ഒരു മുറിയില്‍ അഞ്ച് കട്ടിലുകള്‍ എന്ന നിലക്കാണ് സജീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.