കാസര്‍കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീന് എതിരെ കൂടുതൽ പരാതികൾ. യുഡിഎഫ് ചെയർമാൻ കൂടിയായ എംഎൽഎക്കെതിരെ ആക്ഷേപം ഉയരുമ്പോൾ ഇതിനെ പ്രതിരോധിക്കാനാവാതെ നേതൃത്വവും വിഷമിക്കുകയാണ്. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതികരണം. തന്‍റെ നിലപാട് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചുവെന്നും എംപി വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ എം.സി കമറുദ്ദീൻ ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കും എന്നാണ് സൂചന. എം.സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിന് വേണ്ടി 700 ഓളം ആളുകളിൽ നിന്നാണ് 132 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചത്. സ്ഥാപനം പൂട്ടിപ്പോയതോടെ സാമ്പത്തിക നഷ്ടം ബോധ്യമായതോടെയാണ് നിക്ഷേപകരിൽ ചിലർ പരാതിയുമായി രംഗത്തെത്തിയത്. മുസ്‌ലിം ലീഗ് അനുഭാവികളുൾപ്പെടെ പരാതിയുമായി എത്തിയിട്ടും പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് എം.സി കമറുദ്ദീൻ സ്വീകരിച്ചത്.
അതിനിടെ കള്ളാർ പഞ്ചായത്തിലെ ഒരു കുടുംബവും എംഎൽഎക്കെതിരെ രംഗത്തെത്തി. ഇവരിൽ നിന്ന് മാത്രം നിക്ഷേപമായി സ്വീകരിച്ചത് ഒരു കോടി രുപയും 220 പവൻ സ്വർണ്ണവുമാണ്. എം.സി കമറുദ്ദീനെതിരെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനുകളിലായി നൽകിയ ഒരു കോടി 83 ലക്ഷം രൂപയുടെ കേസുകൾക്ക് പുറമെയാണ് പുതുതായി ഉയർന്നു വന്ന പരാതി. കള്ളാർ പഞ്ചായത്തിലെ സി.എം അബൂബക്കറും കുടുംബവുമാണ് ഗുരുതരമായ ആക്ഷേപമുന്നയിക്കുന്നത്. ജ്വല്ലറി മാനേജിങ് ഡയറക്ടറായ ടി.എ പൂക്കോയ തങ്ങളാണ് നിക്ഷേപം സ്വീകരിച്ചത്. എന്നാൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റായിരിക്കെ എം.സി കമറുദ്ദീൻ പ്രദേശത്ത് നേരിട്ടെത്തിയാണ് ആളുകളിൽ പണം നൽകാനുള്ള വിശ്വാസ്യത നേടിയതെന്ന് അബൂബക്കറിന്‍റെ മകനും മുൻ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷററും ആയ സി.എം നാസർ പറഞ്ഞു. നിലവിൽ കാസർകോട്, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി 17 പേരാണ് പരാതി നൽകിയത്. കൂടുതൽ പേർ പരാതിയുമായി രംഗത്ത് എത്താനുള്ള സാധ്യതയും ഏറെയാണ്.