കാസര്‍കോട്; നാശത്തിലേക്ക് മറയുന്ന കാസർകോട്ടെ മഞ്ഞംപൊതിക്കുന്ന് സംരക്ഷിക്കാൻ ചിത്രകാരന്‍മാരുടെ കൂട്ടായ്മ. വ്യാപകമായ കയ്യേറ്റത്തിനും കുന്നിടിക്കലിനും വിധേയമാകുന്ന കുന്നിലെ ജൈവ വൈവിധ്യം നിലനിര്‍ത്താന്‍ വര്‍ണ വലയം തീര്‍ത്താണ് ചിത്രകാരന്‍മാര്‍ കൈ കോര്‍ത്തത്.
കുന്നുകളും പുഴകളും വയലുകളും കയ്യേറി ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതിലാണ് ചിത്രകാരന്‍മാരുടെ പ്രതിഷേധം. അനധികൃത നിര്‍മാണങ്ങളും വ്യാപകമായ മണ്ണെടുപ്പുമാണ് മഞ്ഞംപൊതിക്കുന്നിന് ഭീഷണിയാകുന്നത്. പച്ചക്കുന്ന് എന്ന പേരില്‍ മഞ്ഞംപൊതിക്കുന്നിന്റെ മനോഹാരിത ജില്ലയിലെ മുപ്പതോളം ചിത്രകാരന്‍മാര്‍ കാന്‍വാസില്‍ പകര്‍ത്തി.
മാവുങ്കാല്‍ പ്രഗതി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ആര്ട്‌സിന്റെ സഹകരണത്തോടെ ചിത്രകാര്‍ കേരളയുടെ നേതൃത്വത്തിലാണ് സംരക്ഷണ കൂട്ടായ്മയൊരുക്കിയത്. പ്രകൃതി സ്‌നേഹികളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രദേശവാസികളും വിദ്യാർഥികളും സംരക്ഷണ വലയത്തില്‍ പങ്കുചേര്‍ന്നു.