കാസർകോട്: നിയന്ത്രണങ്ങൾ ലംഘിച്ച 2 കൊവിഡ് 19 ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ കലക്ടറുടെ നിർദേശം. രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ 2 പ്രവാസികൾക്കെതിരെയാണ് നടപടി. ഇവരുടെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് നിർദേശം നൽകിയത്. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദേശമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കൾക്ക് വില വർധിപ്പിച്ചാൽ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യും. ജില്ലയിൽ ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും കലക്ടർ വ്യക്തമാക്കി. രാവിലെ 11 മുതൽ 5 വരെ അവശ്യവസ്തുക്കൾ ലഭിക്കുന്ന കടകൾ നിർബന്ധമായും തുറക്കണം. ബ്രെഡ് അടക്കമുള്ളവ ലഭിക്കാൻ ബേക്കറികൾ തുറക്കണം. എന്നാൽ ഇവിടങ്ങളിൽ ചായ വിതരണം ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്. ജില്ലയിൽ 2470 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 179 പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. വിദേശങ്ങളിൽ നിന്നും എത്തിയ നാലായിരത്തോളം പേരെ വീടുകളിൽ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.