കാസർകോട് : കാസർകോടിന് എയിംസ് ആശുപത്രി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ കൂട്ട ഉപവാസം. എയിംസ് ഫോർ കാസർകോട് കൂട്ടായ്‌മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എയിംസിന് വേണ്ടി നിലവിൽ കണ്ടുവച്ചിരിക്കുന്ന ജില്ലകളിൽ മെഡിക്കൽ കോളജുകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ട്. എന്നാൽ എൻഡോസൾഫാൻ ഇരകളും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുടെ കുറവും കാരണം എയിംസിന് എന്തുകൊണ്ടും യോജിച്ചത് കാസർകോടാണെന്ന് ജനകീയ കൂട്ടായ്‌മ വ്യക്തമാക്കുന്നു.
സംസ്ഥാനം പുതിയ പ്രപ്പോസൽ സമർപ്പിക്കുമ്പോൾ കാസർകോട് ജില്ലയുടെ പേരുകൂടി ഉൾപ്പെടുത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കാസർകോടിന് പുറമെ ദക്ഷിണ കന്നഡ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾക്കും എയിംസിന്‍റെ പ്രയോജനം ലഭിക്കും.
ALSO READ: ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി
സർക്കാർ ഭൂമി ഏറെയുള്ള ജില്ലയിൽ എയിംസ് സ്ഥാപിക്കാനുള്ള സ്ഥല സൗകര്യങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല. പാതിവഴിയിലായ മെഡിക്കൽ കോളജും ന്യൂറോളജിസ്റ്റ് പോലുമില്ലാത്ത ആശുപത്രിയുമൊക്കെയാണ് കാസർകോട് ഉള്ളത്.
ഈ അവസ്ഥക്ക് മാറ്റം വരാൻ എയിംസ് കേരളത്തിന് അനുവദിക്കുമ്പോൾ കാസർകോട് സ്ഥാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
കൊവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചപ്പോൾ ചികിത്സ കിട്ടാതെ നിരവധി പേർക്ക് ജീവൻ നൽകേണ്ടി വന്നത് ജില്ലയുടെ ചികിത്സാസൗകര്യങ്ങളുടെ കുറവ് കൊണ്ടാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.