കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്നമെന്ന് മുഖ്യമന്ത്രി. ശങ്കർ റൈ വിശ്വാസിയായാൽ എന്താണ് കുഴപ്പമെന്നും ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആർക്കും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം. ശങ്കർ റൈയ്ക്കെതിരായ രമേശ് ചെന്നിത്തലയുടെ, കപട വിശ്വാസി പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതു യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയത്.
"ഉപതെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം പറയാതെ വർഗീയ കാർഡ് ഇറക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. എന്തിനാണ് സ്ഥാനാർഥിയെ ആക്ഷേപിക്കുന്നത്. ശങ്കർ റൈയെ നൂലിൽ കെട്ടി ഇറക്കിയതല്ല. ജനങ്ങളുടെ മനസിലുള്ളത് എന്താണ് എന്നത് യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. വർഗീയ കാർഡിറക്കാനാണ് അവർ ശ്രമിക്കുന്നത്. കേരളം എല്ലാ മേഖലയിലും ഒന്നാമതാണ്. അതിനൊപ്പം നിൽക്കുന്ന പ്രതിനിധിയെ മഞ്ചേശ്വരത്ത് വേണമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.