കാസർകോട്: കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ വിമാനയാത്ര നിരക്ക് ഗണ്യമായി വർധിപ്പിച്ചത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാന കമ്പനികൾ ഇടാക്കുന്നത് താങ്ങാനാകാത്ത നിരക്കാണ്.
ദേശീയപാത വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സാധ്യമാകുന്നതോടെ കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തും. കൂടുതൽ വിമാന സർവീസുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്, എന്നാൽ പ്രതിസന്ധി തരണം ചെയ്‌ത് വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളിൽ ഒന്നായി ടൈം മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഏറെ സഹായകമാകും. ട്രാവൽ ആൻഡ് ലേഷർ മാഗസിൻ ലോകത്തെ പ്രധാന വെഡിങ് സ്പോട്ടുകളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേലയ്‌ക്കുള്ള അവാർഡും കേരളത്തിനാണ് ലഭിച്ചത്. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പലയിടത്തും പുതിയ രൂപത്തിൽ അസുഖം വരുന്നു.
എന്നാൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.