കാസര്‍കോട്: ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണ പൂര്‍ത്തീകരണത്തിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതിക്കും തുടക്കമാകുന്നു. ഗെയിലിന്‍റെ മംഗലാപുരം-കൊച്ചി പൈപ്പ് ലൈനില്‍ നിന്നും വീടുകളിലേക്ക് നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. പദ്ധതിയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലേയും കാഞ്ഞങ്ങാട് നഗരസഭയിലേയും വിവിധ പ്രദേശങ്ങളില്‍ ഇതിനുള്ള പൈപ്പിടല്‍ നിര്‍മാണം ആരംഭിച്ചു. കോട്ടപ്പാറയില്‍ നിന്ന് മാവുങ്കാല്‍ മൂലക്കണ്ടം വഴി ദേശീയപാത കടന്നാണ് കാഞ്ഞങ്ങാട് നഗരത്തിലേക്ക് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. മഡിയന്‍ ജങ്‌ഷനില്‍ നിന്നും കെഎസ്‌ടിപി റോഡരികിലൂടെ കാഞ്ഞങ്ങാട് ഭാഗത്തേക്കും ചിത്താരി ഭാഗത്തേക്കും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.
ഇതില്‍ ചിത്താരി ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ അടുത്ത ഘട്ടത്തില്‍ പള്ളിക്കര ഉദുമ-മേല്‍പ്പറമ്പ് വഴി കാസര്‍കോട്ടേക്ക് ദീര്‍ഘിപ്പിക്കാനാകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയപാതയേയും കെഎസ്ടിപി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലക്കണ്ടം വെള്ളിക്കോത്ത്-മഡിയന്‍ റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികളും ഇപ്പോള്‍ നടന്നുവരികയാണ്. റോഡിന്‍റെ ടാറിങ് നടക്കുന്നതിനു മുമ്പായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ജല അതോറിറ്റിയുടെ മാതൃകയില്‍ പ്രധാന പൈപ്പ് ലൈനേക്കാള്‍ വണ്ണം കുറഞ്ഞ പൈപ്പുകളിലൂടെയാകും വീടുകളിലേക്ക് പാചകവാതകം എത്തിക്കുക. സിലിണ്ടറുകളില്‍ ലഭിക്കുന്ന എല്‍പിജി വാതകത്തേക്കാള്‍ കുറഞ്ഞ വിലയുള്ള പ്രകൃതിവാതകമാണ് സിറ്റി ഗ്യാസിനായി ഉപയോഗിക്കുന്നത്. വീടുകളിലേക്കുള്ള പൈപ്പ് ലൈനില്‍ മീറ്റര്‍ സ്ഥാപിച്ച് ഉപഭോഗത്തിനനുസരിച്ച ബില്ലാകും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ രണ്ടു ഘടകങ്ങളും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.