കാസർകോട് : ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നു. കണക്കുകള്‍ പ്രകാരം കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ദിനംപ്രതി ഇത്തരം കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പോക്‌സോ ഉള്‍പ്പടെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മെയ് വരെ രജിസ്റ്റര്‍ ചെയ്‌തത് 2,124 കേസുകളാണ്. ഇതിൽ 1,867 പോക്‌സോ കേസുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ തിരുവനന്തപുരത്താണ്. 241 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
രണ്ടാമത് എറണാകുളവും മലപ്പുറവുമാണ്. 221 കേസുകള്‍ വീതം. മൂന്നാമതുള്ള പാലക്കാട്ട് 158 കേസുകളാണെടുത്തത്. 82 എണ്ണവുമായി ഏറ്റവും കുറവ് കേസുകള്‍ പത്തനംതിട്ടയിലാണ്.
കഴിഞ്ഞ വര്‍ഷം ആകെ 5,315 കേസുകളാണ് (പോക്‌സോ, കുട്ടികള്‍ക്കെതിരെയുള്ള മറ്റ് അതിക്രമങ്ങള്‍) റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 4,586 എണ്ണം പോക്‌സോ കേസുകളായിരുന്നു.
ഓരോവര്‍ഷം കൂടുമ്പോഴും ഈ കണക്കുകള്‍ വര്‍ധിക്കുകയാണ്. 2016 - 2,879 കേസുകള്‍. 2022 കഴിഞ്ഞപ്പോള്‍ 2,500നടുത്ത് കേസുകള്‍. അതേസമയം കഴിഞ്ഞ വര്‍ഷം 269 കുട്ടികളെ തട്ടിക്കൊട്ടുപോയിട്ടുണ്ട്. ഇതില്‍ കണ്ടെത്തിയവരുടെ എണ്ണം വളരെ ചുരുക്കമാണ്. ഈ വർഷം കുട്ടികളെ തട്ടിക്കൊണ്ടുപോയ 66 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
വീടുകളിലും വിദ്യാലയങ്ങളിലുമാണ് കുട്ടികള്‍ ഏറെയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നത്. പല കുട്ടികളും ഇത് പുറത്തുപറയാറില്ല. സ്‌കൂളുകളില്‍ നല്‍കുന്ന കൗണ്‍സലിങ് ക്ലാസുകളിലാണ് കുട്ടികള്‍ വിഷയം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നത്. ഇത്തരം കേസുകളില്‍ കൂടുതലും പ്രതികളാകുന്നത് അധ്യാപകരും ബന്ധുക്കളും തന്നെയാണ്.
കുട്ടികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കി പീഡനത്തിന് ഇരകളാക്കുന്നതും വര്‍ധിക്കുന്നുണ്ട്. വര്‍ഷംതോറും പോക്സോ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധന വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെന്ന് കേസുകളില്‍ നിന്ന് വ്യക്തമാണ്.
2016 മുതല്‍ 2023 മെയ് വരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍
വർഷം | പോക്സോ | മറ്റ് അതിക്രമങ്ങൾ |
2016 | 2131 | 748 |
2017 | 2704 | 858 |
2018 | 3181 | 1072 |
2019 | 3640 | 1,114 |
2020 | 3056 | 885 |
2021 | 3559 | 977 |
2022 | 4586 | 729 |
2023 (മെയ് വരെ) | 1867 | 257 |
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം : വെള്ളിയാഴ്‌ചയാണ് ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി അസ്‌ഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ജ്യൂസ് വാങ്ങി നൽകാം എന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിൽ കണ്ടെത്തിയത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. പീഡിപ്പിച്ച ശേഷം കുട്ടിയെ പ്രതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
കൊലയ്‌ക്ക് പിന്നിൽ പിടിയിലായ അസ്‌ഫാക്ക് ആലം മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതി അസ്‌ഫാക്കിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. പ്രത്യേക സംഘം രൂപീകരിച്ചാണ് ഈ സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണം.