കാസർകോട് : പ്രമാദമായ പുലിയന്നൂർ ജാനകി വധക്കേസിൽ ഒന്നും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ രണ്ടാം പ്രതിയെ വെറുതെവിട്ടു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
കൊലപാതകം, കൊലപാതക ശ്രമം,കവർച്ച, ഭവന ഭേദനം, ഗൂഢാലോചന എന്നിവയാണ് പ്രതികൾക്കെതിരെ തെളിഞ്ഞ കുറ്റങ്ങൾ. റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ ജാനകിയെ(65) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍കുമാര്‍ (29) , പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശിയായ പുതിയവീട്ടില്‍ വിശാഖ് (32), എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
രണ്ടാം പ്രതിയും ചെറുവാങ്ങോട്ട് സ്വദേശിയുമായ റിനീഷിനെയാണ് (28) വെറുതെ വിട്ടത്. 2017 ഡിസംബര്‍ 13ന് രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയും 17 പവന്‍ സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്‌തുവെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്ന ഭര്‍ത്താവ് കെ.കൃഷ്‌ണനെ സംഘം കഠാര കൊണ്ട് കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്.
മംഗളൂരു ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ കൃഷ്‌ണന്‍ നല്‍കിയ മൊഴിയില്‍ നിന്ന് ലഭിച്ച സൂചനകള്‍ക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കവര്‍ച്ച ചെയ്‌ത സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ജാനകി വധക്കേസിലെ ഒന്നാം പ്രതിയായ വിശാഖിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണം വില്‍പ്പന നടത്തിയതിന്‍റെ ബില്ലും കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ലായിരുന്നു ഇത്.
കേസന്വേഷണത്തില്‍ ഇതോടെ നിര്‍ണായക വഴിത്തിരിവുണ്ടായി. സംഭവത്തിന് മുമ്പും ശേഷവും പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ രേഖകളും പൊലീസ് ശേഖരിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനും കേസ് തെളിയിക്കാന്‍ സഹായകമായി. കൃഷ്‌ണന്‍റെ കൈ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിള്‍ മൂന്നാം പ്രതി അരുണ്‍കുമാറിന്‍റേതായിരുന്നു.
ജാനകിയുടെ വായില്‍ ഒട്ടിച്ച മാസ്‌കിങ്ങ് ടാപ്പും മുഖംമൂടിയും നീലേശ്വരത്തെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്നും കണ്ടെത്തി. കൊലപാതക സമയത്ത് മൂന്നുപ്രതികളും ധരിച്ച മുഖം മൂടികളും പിന്നീട് കണ്ടെത്തിയിരുന്നു. അന്നത്തെ നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്‌ണനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2400 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 17 പവന്‍ സ്വര്‍ണാഭരണങ്ങളും രേഖകളും ഉള്‍പ്പടെ 350 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.