കാസർകോട്: രാഷ്‌ട്രീയ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അന്വേഷണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. കേസിൽ മതിയായ തെളിവുകൾ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിക്കാത്തത് കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. കേസിൽ രണ്ട് മാസം മുമ്പ് അന്വേഷണ സംഘം കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരയെ ബിജെപി നേതാക്കൾ പണം നൽകി സ്വാധീനിച്ചെന്നാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലുണ്ടായെന്ന സംശയം നേരത്തെ കെ സുന്ദരയും പ്രകടിപ്പിച്ചിരുന്നു.
കേസിൽ ഒരു വർഷത്തിന് ശേഷമാണ് പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് മഞ്ചേശ്വരത്തെ ഇടതുപക്ഷ സ്ഥാനാർഥിയായ വി.വി രമേശന്‍റെ പരാതിയിൽ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതി ചേർക്കാൻ അനുമതി നൽകിയത്. ലോക്കൽ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിലെ അനിശ്ചിതത്വം തുടരുകയാണ്.
Read more: തെരഞ്ഞെടുപ്പ് കോഴ, കുറ്റപത്രം ഉടന്‍: കെ.സുരേന്ദ്രനുള്‍പ്പെടെ ആറുപേർ പട്ടികയിൽ