കാസർകോട് : കുരുന്നുകളെ അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ചുനടത്താന്‍ മാധവി ടീച്ചര്‍ ഇനിയില്ല. പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാന്‍ കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അല്‍പം മുമ്പ് വീഡിയോ കോൾ അവസാനിപ്പിച്ച ടീച്ചറുടെ മരണ വാര്‍ത്തയാണ് പിന്നീട് കുട്ടികള്‍ അറിഞ്ഞത്.
ടീച്ചറുമായുള്ള അവസാന സംസാരമായിരിക്കും ഇതെന്ന് വിദ്യാർഥികളും തിരിച്ചറിഞ്ഞിരുന്നില്ല. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക സി. മാധവി (47) ആണ് ഓൺലൈൻ ക്ലാസിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. വിദ്യാർഥികളെ കാണാൻ വീഡിയോ ഓൺ ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപിക ക്ലാസിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
Also Read: പ്രതിപക്ഷ നേതാവിനെതിരായ പി.വി അന്‍വറിന്‍റെ പരാമര്‍ശം സഭ രേഖകളില്‍ നിന്നും നീക്കി
ബുധനാഴ്‌ച രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. എല്ലാവരേയും തനിക്ക് കാണണം എന്ന് പറഞ്ഞായിരുന്നു അധ്യാപിക വീഡിയോ കോൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടത്.
ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു. കുശലം പറഞ്ഞു. ചുമയും ശ്വാസം മുട്ടുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് അവസാനിപ്പിച്ചു. ശേഷം അതേസ്ഥലത്ത് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എല്ലാവരേയും കാണാൻ തോന്നുന്നുവെന്ന് ടീച്ചർ പറയുന്നത് പതിവില്ലെന്ന് പറഞ്ഞാണ് കുട്ടികൾ വിതുമ്പുന്നത്. ക്ലാസിനിടയിൽ പതിവില്ലാതെ ടീച്ചർ ചുമയ്ക്കുന്നത് കേട്ട് എന്താണ് പറ്റിയതെന്ന് വിദ്യാർഥികൾ ചോദിക്കുകയും ചെയ്തിരുന്നു. തണുപ്പടിച്ചതാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ടീച്ചറുടെ മറുപടി. ശേഷം ഹോം വർക്കും നൽകിയാണ് മാധവി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.
Also Read: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ പൂർണ പരാജയം: കെ ബാബു
സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് അധ്യാപകർക്കൊപ്പം ഇവരും. ക്ലാസ് അവസാനിപ്പിച്ചയുടൻ ബന്ധുവിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ ബന്ധു കുഴഞ്ഞുവീണ നിലയിലാണ് ഇവരെ കണ്ടത്. പൂടംകല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കള്ളാർ ചുള്ളിയോട്ടെ പരേതനായ ബാബുവിന്റെ ഭാര്യയാണ്. മക്കളില്ല.