കാസര്‍കോട് : പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പ്രതിയായ കേസ് ക്രൈം ബ്രാഞ്ചിന്. ജില്ല ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ജാമ്യമില്ല വകുപ്പുകളുള്‍പ്പെടെ സുരേന്ദ്രനെതിരെ ചുമത്തിയതിന് പിന്നാലെയാണ് കേസ് കൈമാറിയത്.
ALSO READ: ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി
പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതി അനുമതിയോടെ ബദിയടുക്ക പൊലീസ് തിങ്കളാഴ്ചയാണ് കെ സുരേന്ദ്രനെ പ്രതിചേര്‍ത്ത് കേസെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചെന്ന് പ്രാഥമികാന്വേഷണത്തില്‍ സുന്ദര മൊഴി നല്‍കിയ പ്രകാരമാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 365, 342 ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. ഇതോടെ കേസിന്‍റെ സ്വഭാവത്തിലും മാറ്റം വന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.
ALSO READ: ധർമരാജനുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പി.കെ.കൃഷ്ണദാസ്
ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സുരേന്ദ്രനെതിരായ പരാതിയില്‍ തുടരന്വേഷണം നടത്തും. മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയില്‍ ഐ.പി.സി 171 ബി, 17 1 ഇ തുടങ്ങിയ വകുപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്.
സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ഭാരവാഹി സുനില്‍ നായ്ക്ക്, പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരായ സുരേഷ് നായ്ക്ക്, പ്രകാശ് ഷെട്ടി എന്നിവരയും കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് വിവരം. പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയ കാര്യം തെളിയിക്കപ്പെട്ടാല്‍ സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ആജീവനാന്ത വിലക്ക് നേരിടേണ്ടി വരും.
മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ലഭിച്ചെന്ന വെളിപ്പെടുത്തലാണ് കേസിന് ആധാരം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 ബി വകുപ്പ് പ്രകാരമുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി വിധിച്ചിരുന്നു.
കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വി.വി.രമേശൻ നൽകിയ ഹർജിയിലാണ് കോടതി വിധി.