കാസര്‍കോട് : കേരള കര്‍ണാടക തലപ്പാടി അതിര്‍ത്തിയില്‍ പൊലീസ് നീരീക്ഷണം ശക്തമാക്കി. കാസര്‍കോട് കൊവിഡ് നിയന്ത്രണവിധേയമായതോടെ ബന്ധുവീടുകളിലേക്ക് കര്‍ണാടക സ്വദേശികള്‍ രഹസ്യമായി എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 കൂടുതലായി. റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള പ്രാദേശിക പാതകളടക്കമുള്ള എല്ലാ വഴികളും നേരത്തെ കര്‍ണാടക മണ്ണിട്ട് അടച്ചിരുന്നു.
എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ ജില്ലയിലെ ബന്ധുവീടുകളിലേക്കടക്കം കർണാടക സ്വദേശികള്‍ രഹസ്യമായി എത്തുന്നുണ്ടെന്നാണ് വിവരം. ഇതു തടയാനായി 12 പ്രാദേശിക പാതകളിലും, 5 ചെക്ക് പോസ്റ്റുകളിലും കേരള പൊലീസ് പരിശോധന ശക്തമാക്കി. നൂറ് പൊലീസുകാരെയാണ് അതിര്‍ത്തി നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റെയില്‍പാളത്തിലൂടെ വന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. സമാനമായ സാഹചര്യം ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണത്തിലാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃതമായി ആള്‍ക്കാരെത്തുന്നത് തടയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി മേഖലകളിലെ പൊലീസ് സുരക്ഷ ശക്തമാക്കിയത്.
അതിർത്തി കടന്ന് എത്തിയവരെ കേരള പൊലീസ് മടക്കി അയച്ചാൽ പിന്നെ അത്തരക്കാർക്ക് കർണാടകയിലേക്ക് തിരിച്ചു പ്രവേശിക്കാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇതോടെ കർണാട ചെക്ക് പോസ്റ്റിനോട് ചേർന്ന് തന്നെ കേരള പൊലീസും ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ബണ്ട്വാള്‍ സ്വദേശിയായ സ്ത്രീ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കന്നടയില്‍ ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനൊപ്പം മഹാരാഷ്ട്രയില്‍ നിന്നടക്കം ചരക്കു ലോറികളില്‍ ആള്‍ക്കാര്‍ അതിര്‍ത്തി കടന്നെത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റെയിൽ പാളങ്ങൾ വഴി നടന്നും ആളുകൾ അതിർത്തി കടക്കുന്നതായും വിവരങ്ങളുണ്ട്.