കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ യുഡിഎഫ് സ്റ്റിയറിങ്ങ് കമ്മറ്റി യോഗം ഇന്ന് കാഞ്ഞങ്ങാട് ചേരും. റീ പോളിങ് നടത്തണമെന്ന പരാതിയില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെ 110 ബൂത്തുകളില്‍ റീ പോളിങ് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
കാസര്‍കോട് മണ്ഡലത്തിലെ പയ്യന്നൂര്‍ പിലാത്തറയിലാണ് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് രേഖപ്പെടുത്തിയതായി തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഓപ്പണ്‍ വോട്ടാണ് രേഖപ്പെടുത്തിയതെന്നാണ് സിപിഎം വാദം. കള്ളവോട്ട് വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതോടെ മുസ്ലീം ലീഗിനെതിരെയും ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
കല്ല്യാശേരിയിലെ പുതിയങ്ങാടിയില്‍ 69ാം നമ്പര്‍ ബൂത്തില്‍ മുസ്ലീം ലിഗ് പ്രവര്‍ത്തകര്‍ മൂന്ന് തവണ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സിപിഎം ആരോപണം. ഇതിന്‍റെ വീഡിയോയും സിപിഎം പുറത്ത് വിട്ടിരുന്നു. ഇതോടെ വിഷയത്തില്‍ രണ്ട് മുന്നണികളും പ്രതിരോധത്തിലായിരിക്കുകയാണ്.