തിരുവനന്തപുരം : കള്ളവോട്ട് നടന്നാതായി കണ്ടെത്തിയ കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീപോളിങ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. കാസർകോട് മണ്ഡലത്തിലെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോർത്ത് ബ്ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്.എസ് സൗത്ത് ബ്ളോക്ക്, എന്നിവിട ങ്ങളിലും കണ്ണൂർ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവിടങ്ങളിലുമാണ് റീ പോളിങ് നടത്തുന്നത്. 19 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
പിലാത്തറ യുപിഎസിൽ എൽഡിഎഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് മറ്റ് മൂന്നു ബൂത്തുകളിലെ കള്ളവോട്ട് വിവരങ്ങൾ സംബന്ധിച്ച ആരോപണം ഉയരുന്നത് .ഒരു വ്യക്തി തന്നെ ഒന്നിലധികം തവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ തെളിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നടന്നത് കള്ളവോട്ട് തന്നെയെന്ന് ജില്ലാ കലക്ടർമാർ റിപ്പോർട്ട് നൽകിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോളിംഗിനു ശുപാർശ നൽകുകയായിരുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമം അമ്പത്തിയെട്ടാം വകുപ്പനുസരിച്ചാണ് നടപടി. വോട്ടെടുപ്പിന് മുന്നോടിയായി നാളെ വൈകിട്ട് ആറുവരെ പരസ്യ പ്രചാരണത്തിനും അനുമതിയുണ്ട്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടപടിയെ സ്വാഗതം ചെയ്തു. റിപോളിങ് നടത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും കമ്മീഷൻ കൈക്കൊള്ളണമെന്നും കോടിയേരി ആവശ്യപെട്ടു.