കാസർകോട് തൃക്കരിപ്പൂരിലെ കള്ളവോട്ട് ആരോപണത്തിൽ തുടർ നടപടികൾ തുടങ്ങി. ആരോപണ വിധേയനായ ശ്യാംകുമാറിനെ വിളിച്ചു വരുത്തിയ വരണാധികാരി കൂടിയായ കാസർകോട് ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു പ്രത്യേകം മൊഴി രേഖപ്പെടുത്തി.
കാസർകോട് മണ്ഡലത്തിൽ ഇടത് മുന്നണി വ്യാപകമായ കള്ളവോട്ട് നടത്തിയെന്ന യു ഡി എഫ് ആരോപണത്തിന്റെയും മാധ്യമങ്ങളിൽ പ്രചരിച്ച വെബ്കാസ്റ്റിങ് ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തുടർ നടപടികൾ. ഹിയറിങിൽ താൻ രണ്ട് തവണ വോട്ട് ചെയ്തില്ലെന്നും ആദ്യം വന്നപ്പോൾ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ മടങ്ങിപ്പോയെന്നുമാണ് ശ്യാംകുമാർ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്നും വെബ് ക്യാമറ ദൃശ്യങ്ങൾ മുഴുവനായി പരിശോധിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമാണ് യു ഡി എഫ് കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിലടക്കം വിഷയം ഏറെ ചർച്ചയായിരുന്നു. അതിനിടെ യു ഡി എഫ് കള്ളവോട്ട് നടത്തിയെന്ന ദൃശ്യങ്ങൾ ഇടത് കേന്ദ്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കല്യാശേരി നിയമസഭാ മണ്ഡലത്തിലെ മാടായിയിലെ കള്ളവോട്ട് സംബന്ധിച്ച് നാളെ തെളിവെടുപ്പ് നടത്തും.