കാസർകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളില്‍ ഇതര സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാര്‍ക്ക് ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇവിടങ്ങളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ പേരില്‍ മാത്രം പ്രവര്‍ത്തകര്‍ക്ക് സിപിഎമ്മിന്‍റെ ഭീഷണി നേരിടേണ്ടി വരുന്നതായി ബിജെപി നേതൃത്വവും വ്യക്തമാക്കുന്നു.
ലോകസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് പിടിക്കപ്പെട്ട് റി പോളിങ് നടന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇക്കുറിയും സമാനമായ സാഹചര്യമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കയ്യൂര്‍ ചീമേനി അടക്കമുള്ള സിപിഎം കേന്ദ്രങ്ങളില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വ്യാപകമായ കള്ളവോട്ടുകള്‍ നടക്കുന്നുണ്ട്.
ഇവിടങ്ങളിലെ യുഡിഎഫ് വോട്ടുകള്‍ പോലും സിപിഎമ്മുകാര്‍ ചെയ്യുന്ന അവസ്ഥയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. മണ്ഡലത്തിലെ 74 ബൂത്തുകളില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയതായി യുഡിഎഫ് സ്ഥാനാര്‍ഥി എം.പി ജോസഫ് പറഞ്ഞു. ഇതിന് പുറമെയാണ് മരിച്ചവരുടേതടക്കമുള്ള കള്ളവോട്ടുകള്‍ തൃക്കരിപ്പൂരില്‍ പോള്‍ ചെയ്യപ്പെടുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളിലെ അനുഭവത്തിലാണ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് പരാതി ഉന്നയിക്കുന്നതെന്നും സ്ഥാനാര്‍ഥി പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് തൃക്കരിപ്പൂരില്‍ പോളിങ് നടക്കുന്നത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ജനാധിപത്യ വ്യവസ്ഥിതി കൃത്യമായി പാലിക്കപ്പെടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും എം.പി.ജോസഫ് പറഞ്ഞു.
ബൂത്തില്‍ ഇരുന്നതിന്‍റെ പേരില്‍ സിപിഎമ്മിന്‍റെ ഭീഷണിക്കിരയായ പ്രവര്‍ത്തകരാണ് തൃക്കരിപ്പൂരില്‍ ഉള്ളതെന്നും എല്ലാക്കാലവും പാര്‍ട്ടി കേന്ദ്രങ്ങളില്‍ സിപിഎം കള്ളവോട്ടുകള്‍ വ്യാപകമായി ചെയ്യുന്നുവെന്ന് ബിജെപിയും ആരോപിക്കുന്നു.
സിപിഎം കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ 85 മുതല്‍ 99 ശതമാനം വരെ പോളിങ് നടക്കുന്നത് ഗൗരവമായി കാണണമെന്നാണ് ഇരു കക്ഷികളും പറയുന്നത്. ജില്ല ഭരണകൂടം അടിമുടി സിപിഎം സഹയാത്രികരോ അനുഭാവികളോ ആയതിനാല്‍ പരാതികള്‍ പരിഗണിക്കപ്പെടാതെ പോകുന്നതായും എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തി സ്ഥാനാര്‍ഥികള്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആവശ്യം.