കാസർകോട്: ജില്ലയിലെ യു.ഡി.എഫ്-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിരിക്കും ജനവിധിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. ശ്രീകാന്ത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന് തടയിടാന്‍ അധികൃതര്‍ ഉള്‍പ്പെടെ ശ്രമിക്കുന്നതിന്‍റെ തെളിവാണ് അതിര്‍ത്തി മേഖലയിലെ നടപടികള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ളവര്‍ വരണമെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് തെറ്റായ നടപടിയാണ്. കൊവിഡ് അണ്‍ലോക്ക് അഞ്ചിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. നിലവില്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജില്ലയിൽ വന്നുപോകാമെന്നിരിക്കെ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ ക്വാറന്‍റൈനിൽ കഴിയണം എന്നുപറയുന്നത് ഭരണകക്ഷികള്‍ക്കനുകൂലമായി നിലകൊള്ളുന്നതിന്‍റെ ഭാഗമായാണ്. ആശാ വര്‍ക്കര്‍മാരെയടക്കം ഇതിനായി ഉപയോഗപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എന്‍.ഡി.എ. ഇത്തവണ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കും. ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സര രംഗത്തേക്കിറക്കിയതും സ്വന്തം ചിഹ്നത്തില്‍ മത്സരിപ്പിച്ചതും ബി.ജെ.പിയാണ്. ബി.ജെ.പിക്ക് പരമ്പരാഗതമായി സ്വാധീനമുള്ള മേഖലയില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകും. ജില്ലക്ക് ഒരു മാറ്റം വേണവമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്‍ഡിഎക്ക് മാത്രമേ ഇതിന് സാധിക്കൂവെന്നും കെ.ശ്രീകാന്ത് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, കടലോരപ്രദേശം, പ്രവാസം എന്നീ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികാരത്തിലുണ്ടായിരുന്നവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോഗ്യമേഖലയില്‍ കാസര്‍കോട് ജില്ല ഇപ്പോഴും കര്‍ണാടകയെയാണ് ആശ്രയിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളുള്‍പ്പെടെ ജില്ലയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും തുടര്‍ വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണാന്‍ ജനങ്ങള്‍ എന്‍.ഡി.എയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.