കാസർകോട്: ശബരിമലയും ലവ് ജിഹാദും തെരഞ്ഞെടുപ്പ് വിഷയമാക്കി എൻ.ഡി.എ. ശബരിമല വിഷയത്തിൽ പ്രകോപനപരമായ നിലപാട് സ്വീകരിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കടകംപള്ളി മാപ്പു പറയാൻ ശ്രമിച്ചപ്പോൾ യെച്ചൂരിയും പിണറായിയും തടഞ്ഞു. ശബരിമല വീണ്ടും പ്രക്ഷോഭ കേന്ദ്രമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടതുസർക്കാർ ഭരണത്തിലിരിക്കുന്നിടത്തോളം കാലം ശബരിമല സുരക്ഷിതമല്ല. വിശ്വാസികളെ വേട്ടയാടുന്ന ഇടത് നയം തിരുത്താൻ പോകുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ് സർക്കാർ. പിണറായി വിജയൻ ശബരിമലയുടെ അന്തകൻ ആയി മാറുകയാണെന്നും ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാൻ ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ലവ് ജിഹാദ് സംബന്ധിച്ച് സിപിഎം നേതാക്കളും പിണറായി വിജയനും നിലപാട് വ്യക്തമാക്കണം. ക്രൈസ്‌തവ സഭയുടെ നിലപാട് കൊണ്ടാണ് ജോസ് കെ.മാണി ലവ് ജിഹാദ് വിഷയത്തിൽ പ്രതികരിച്ചതെങ്കിലും വസ്‌തുത ഇല്ലാതാകുന്നില്ല. രാജ്യദ്രോഹ ശക്തികളുമായി സന്ധി ചെയ്‌താണ് പിണറായി വിജയൻ സർക്കാർ അഞ്ച് വർഷം പൂർത്തീകരിച്ചത്. തട്ടിപ്പ് സംഘവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് ഗൗരവതരമാണ്. അതിഭീകരമായ പകൽക്കൊള്ളയാണ് കേരളത്തിൽ നടന്നത്. ഇ.എം.സി.സി വിഷയത്തിൽ സർക്കാരിന്‍റെ അഴിമതി കൂടുതൽ പുറത്ത് വന്നു. സ്‌പീക്കർ നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തി. ആസൂത്രിതമായ അഴിമതി മറച്ചുവെക്കാൻ അവിവേകമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ കൃത്രിമം നടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. സിപിഎം ഏജന്‍റുമാരായി ബൂത്ത് ലെവൽ ഓഫിസർമാർ പ്രവർത്തിക്കുകയാണ്. പ്രശ്‌നങ്ങൾ അറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ ഫലപ്രദമായി ഇടപെടുന്നില്ല. കമ്മിഷൻ നോക്കുകുത്തിയായി മാറുകയാണ്. സാങ്കേതികമായി പോളിങ് ആരംഭിച്ചിട്ടും ഇരട്ടവോട്ടുകൾ നീക്കം ചെയ്യാൻ ഒരു നടപടിയും തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചിട്ടില്ല. പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തലശേരിയിൽ സിപിഎം സ്ഥാനാർഥി എ.എൻ ഷംസീർ തോൽക്കണമെന്ന സുരേഷ് ഗോപി എം.പിയുടെ പ്രസ്‌താവന വ്യക്തിപരമാണെന്നും എന്നാൽ അതിനെ തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കിയ കെ. സുരേന്ദ്രൻ തലശേരിയിൽ തങ്ങൾക്ക് സ്ഥാനാർഥി ഉണ്ടാവുമെന്നും ചർച്ചകൾ നടക്കുന്നതായും അറിയിച്ചു.