കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന 'വിജയ യാത്ര' കാസർകോട് നിന്നും പ്രയാണമാരംഭിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കെ.സുരേന്ദ്രന് പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കെ സുരേന്ദ്രന്‍റെ വിജയ യാത്ര. കാസർകോട്ടെ തളിപ്പടുപ്പ് മൈതാനിയിൽ പ്രവർത്തകരെ സാക്ഷിയാക്കിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കെ സുരേന്ദ്രന് പതാക കൈമാറിയത്.
സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും കടന്നാക്രമിച്ചായിരുന്നു യോഗി ആദിത്യനാഥിന്‍റെ ഉദ്ഘാടന പ്രസംഗം. ശബരിമലയും ലൗ ജിഹാദും കൊവിഡും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു സംസ്ഥാന സർക്കാരിനെതിരായ ആദിത്യനാഥിന്‍റെ വിമർശനം. ശബരിമല തന്നെയാണ് പ്രധാന പ്രചാരണ വിഷയമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ആചാരലംഘനം നടത്തിയ സർക്കാരിന് കുറ്റകരമായ മൗനത്തിലൂടെ ഉമ്മൻ ചാണ്ടി പിന്തുണ നൽകുകയായിരുന്നു എന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
രാഷ്‌ട്രീയ സ്വരച്ചേർച്ചകൾ മറന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രനും ഉദ്ഘാടന വേദിയിലെത്തിയിരുന്നു. ഘടകകക്ഷി നേതാക്കളും ഉദ്‌ഘാടന പരിപാടിക്കെത്തി. പൊതു യോഗത്തിന് ശേഷം വിജയയാത്രാ രഥത്തിന് മുന്നിൽ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യനാഥ് യാത്രയുടെ ഭാഗമായി. യോഗി ആദിത്യനാഥിനെ കെ. സുരേന്ദ്രനും കെ ശ്രീകാന്തും ഹാരാർപ്പണം നടത്തി. ബിജെപി ജില്ലാ കമ്മറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രൻ ആറന്മുള കണ്ണാടിയും യോഗി ആദിത്യനാഥിന് നല്‍കി.