കാസര്‍കോട്: കൊടകര കുഴല്‍പ്പണക്കേസിന് പിന്നാലെ കെ. സുരേന്ദ്രനെയും, ബി.ജെ.പിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കി മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ ഇടപെട്ട് രണ്ടര ലക്ഷം രൂപ നല്‍കിയെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍. അതേസമയം സുന്ദരയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപി ജില്ല നേതൃത്വത്തിന്‍റെ പ്രതികരണം.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്. 2016ല്‍ 89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്തവണയും കെ. സുരേന്ദ്രന്‍ അങ്കത്തിനിറങ്ങിയത്. അപരനായി മത്സരിച്ച കെ. സുന്ദര നേടിയ 467 വോട്ടുകളാണ് തോല്‍വിക്ക് കാരണമായതെന്ന വിലയിരുത്തലും ബിജെപിക്കുണ്ടായി. 2021ലെ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് പിന്നാലെ ബി.എസ്.പി സ്ഥാനാര്‍ഥിയായി സുന്ദരയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മണിക്കൂറുകള്‍ നീണ്ട നാടകത്തിന് ശേഷം പത്രിക പിന്‍വലിച്ച സുന്ദര ബി.ജെ.പി അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു.
also read: കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പണം കടത്താൻ: കെ. മുരളീധരന്‍
സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് പാരിതോഷികമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും ലഭിച്ചെന്നാണ് ഇപ്പോള്‍ സുന്ദരയുടെ വെളിപ്പെടുത്തല്‍. പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തീരുമാനങ്ങള്‍ എടുത്തത്. 15 ലക്ഷം രൂപയും മംഗളൂരുവില്‍ വ്യവസായ സ്ഥാപനം തുടങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും സുന്ദര വ്യക്തമാക്കി. സുരേന്ദ്രന്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സുന്ദര പറയുന്നു.
എന്നാല്‍ സി.പി.എമ്മും, മുസ്ലീം ലീഗും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് ബി.ജെ.പി വാദം. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന്‍റെ കാരണം അന്ന് സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതികരണമാണ് അന്നുണ്ടായത്. മാസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നും ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.