കാസര്‍കോട്: കൊവിഡ് കാലം പുതിയ തൊഴില്‍ സാധ്യതകൾ തേടാൻ നമ്മെ പരിശീലിപ്പിക്കുകയാണ്. കടല്‍മത്സ്യങ്ങളുടെ ലഭ്യത കുറയുകയും, നല്ല മത്സ്യങ്ങള്‍ കിട്ടാതാവുകയും ചെയ്തതോടെ വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ പുതിയ സാധ്യതകളാണ് സംരഭകര്‍ തേടുന്നത്. വിപണി ആവശ്യമില്ലാത്തതും കൃഷിയിടത്തില്‍ നിന്നും മായമില്ലാത്ത മത്സ്യങ്ങൾ ജീവനോടെ വില്‍ക്കാമെന്നതാണ് പുതിയ രീതി. മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചു വളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് സാധ്യമാകുന്ന ഇസ്രയേല്‍ ബയോഫ്ലോക്ക് മത്സ്യ കൃഷിക്ക് പ്രിയമേറുകയാണ്.
ഭൂനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് ഫ്രെയിം ഒരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. ആവശ്യമെങ്കില്‍ അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുവാന്‍ കഴിയുന്ന തരത്തിലാണ് ടാങ്ക്. കാല്‍ സെന്‍റ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളര്‍ത്താം. ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കുവാന്‍ തീറ്റ ചെലവും മത്സ്യകുഞ്ഞിന്‍റെ വിലയും വൈദ്യുതി ചാര്‍ജും പരിപാലനവുമടക്കം 70- 80 രൂപയാണ് ചിലവ്. മത്സ്യങ്ങളെ ജീവനോടെ കൃഷിയിടത്തില്‍ വില്‍ക്കുമ്പോള്‍ കിലോയ്‌ക്ക് 300 രൂപ വരെ വില ലഭിക്കും. അതായത് കുറഞ്ഞ മുതല്‍ മുടക്കില്‍ ലാഭകരമായി ചെയ്യാവുന്ന കൃഷിയെന്ന തരത്തിലും ഇസ്രായേല്‍ മാതൃകയായ ബയോഫ്ലോക്ക് കൃഷി സ്വീകാര്യമാകുന്നു.