കാസര്‍കോട്: ബാര്‍ബര്‍ഷോപ്പുകളിലെയും ബ്യൂട്ടിപാര്‍ലറുകളിലെയും മുടി മാലിന്യം ജൈവവളമാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി മൈക്രോബ് ഗവേഷണ വിസകന കേന്ദ്രം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഫിസിക്‌സ് വിഭാഗവുമായി സഹകരിച്ചാണ് മുടിമാലിന്യം ജൈവവളമായി മാറ്റുന്ന പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ മുടിമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാതെ വലിച്ചെറിയേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. ഒരു ടണ്‍ മുടിമാലിന്യം പത്ത് മിനിറ്റ് കൊണ്ട് ജൈവവളമാകുമെന്നാണ് മൈക്രോബ് അധികൃതര്‍ അവകാശപ്പെടുന്നത്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഫിസിക്‌സ് അധ്യാപകനും മെറ്റീരിയല്‍ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുല്‍ കരീമാണ് പുതിയ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍. വളരെ കുറഞ്ഞ ചിലവില്‍ മലിനീകരണ പ്രശ്‌നമില്ലാതെയാണ് മുടി വളമാക്കി മാറ്റുന്നത്. ഖര, ദ്രാവക രൂപത്തിലാണ് ജൈവവളം ലഭിക്കുക. ഇതിന് സമാനമായി കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും വളമാക്കി മാറ്റാമെന്നും മൈക്രോബ് പ്രതിനിധി അറിയിച്ചു. ഓരോ ജില്ലകളിലെയും ബാര്‍ബര്‍ ആന്‍റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷനുമായി സഹകരിച്ചാണ് മുടിമാലിന്യം ശേഖരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ലാബുകളിലെ പരിശോധനയില്‍ മുടിയില്‍ നിന്നുള്ള ജൈവവളങ്ങളില്‍ പതിനെട്ടോളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന അമിനോ ആസിഡുകള്‍ അടങ്ങിയ ദ്രാവകം ഒരു ഹെക്ടറിന് രണ്ട് ലിറ്റര്‍ മാത്രമേ ആവശ്യമായി വരൂ. ചെടികളിലെ രോഗപ്രതിരോധത്തിനും ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ മണ്ണില്‍ നിന്നും വലിച്ചെടുക്കാനും അമിനോ ആസിഡുകള്‍ സഹായിക്കും.