കാസർകോട്: പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ സ്വീകരണ മുറിപോലെ മുഖംമിനുക്കി കാസർകോട് ബേക്കലിലെ പൊലീസ് സ്റ്റേഷൻ. കെട്ടിലും മട്ടിലും ഉൾപ്പെടെ ആഡംബരം. 10 ലക്ഷം രൂപ ചെലവിട്ടു മോടിപിടിപ്പിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം കണ്ടാൽ ഒരു ഫൈവ്സ്റ്റാർ ലുക്ക് ആണ്.
കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയോരത്ത് ത്രിക്കണ്ണാട്ടെ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ ദൂരകാഴ്ച തന്നെ മനോഹരമാണ്. രാത്രിയിൽ ലൈറ്റുകളിൽ മുങ്ങി നിൽക്കുന്ന സ്റ്റേഷൻ കണ്ടാൽ ആരും ഒന്നമ്പരക്കും. കവാടം മുതൽ സ്റ്റേഷനിലെ ശുചിമുറി വരെ മാറി. ഫർണിച്ചറുകളും ലൈറ്റും ഓഫീസ് സംവിധാനവുമെല്ലാം മോടിപിടിപ്പിച്ചു.
പരാതിക്കാർക്ക് ഇരിക്കാൻ സൗകര്യപ്രദമായ സംവിധാനങ്ങളോടുകൂടിയ സന്ദർശക ലോബി പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 21 ദിവസത്തെ പ്രവൃത്തി കൊണ്ടാണ് പൊലീസ് സ്റ്റേഷന്‍റെ നവീകരണം പൂർത്തിയാക്കിയത്. സ്റ്റേഷന് ചുറ്റും ഇന്‍റർലോക്ക് പാകിയിട്ടുണ്ട്. സർക്കാർ ഫണ്ടിനു പുറമെ ഒരുപറ്റം നാട്ടുകാരും പൊലീസ് സ്റ്റേഷൻ നവീകരണത്തിന് സഹായിച്ചു.