കാസര്‍കോട്: കനത്തമഴയില്‍ കാസര്‍കോട്ടെ ചരിത്രസ്മാരകമായ ബേക്കല്‍ കോട്ടക്കും കേടുപാടുകള്‍ സംഭവിച്ചു. കോട്ടക്കുള്ളിലെ വൃത്താകൃതിയിലുള്ള നിരീക്ഷണ കേന്ദ്രത്തിന്‍റെ കല്‍ച്ചുമരുകള്‍ തകര്‍ന്നു. അപകടസാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്ക് വശത്തുള്ള നിരീക്ഷണ കേന്ദ്രത്തിന്റെ പുറംഭിത്തി ഇടിഞ്ഞു വീണത്. പത്ത് മീറ്ററോളം നീളത്തില്‍ കല്ലുകള്‍ ഇളകി മാറി. അപകടസാധ്യത ഉള്ളതിനാല്‍ ഇവിടേക്ക് വിനോദ സഞ്ചാരികളെ നിയന്ത്രിക്കാന്‍ ഇരുമ്പ് ദണ്ഡുകള്‍ സ്ഥാപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ട തകര്‍ന്നതെങ്കിലും കാട് മൂടിക്കിടക്കുന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. നാട്ടുകാരാണ് വിവരം പുറത്തറിയിച്ചത്. കാസര്‍കോട്ടെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ് ബേക്കല്‍ കോട്ട. എ ഡി 1500 ല്‍ ഇക്കേരി നായ്ക്കന്‍മാരാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് കോട്ട. കടലിനോട് ചേര്‍ന്നുള്ള കോട്ടയുടെ പടിഞ്ഞാറെ ഭാഗം കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്നപ്പോള്‍ പുനര്‍നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇവിടെയും അപകടഭീഷണി നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര പുരാവസ്തു വകുപ്പിനാണ് കോട്ടയുടെ ചുമതലയെങ്കിലും ബന്ധപ്പെട്ടവരാരും ഇതുവരെയും സ്ഥലത്തെത്തിയിട്ടില്ല.