കാസർകോട് : ഒന്നേകാൽ ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാൾ പിടിയില്‍. കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീമും നടത്തിയ പരിശോധനയിലാണ് നടപടി. പാലക്കുന്ന് സ്വദേശി ടികെ നാരായണനാണ് അറസ്റ്റിലായത്.
പാലക്കുന്നിലെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് ഇടപാട് നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്. വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് (വിജിലൻസ്) രഹസ്യ വിവരം ലഭിച്ചത്.
നാരായണന്‍ സഞ്ചരിച്ച കാറില്‍ നിന്നും നിരോധിച്ച 1000 രൂപയുടെ 88 നോട്ടുകളും 500ൻ്റെ 82 നോട്ടുകളുമാണ് കണ്ടെടുത്തത്. പണം കടത്തിയ മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ സഹിതം നിരോധിത നോട്ടുകളും വാഹനവും തുടർ നടപടികൾക്കായി മേൽപറമ്പ് പൊലീസിന് കൈമാറി.
കണ്ണൂർ അസിസ്റ്റൻ്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ വി രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്‍റ് കൺസർവേറ്റർ രാജീവൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ വി രതീശൻ, എപി ശ്രീജിത്ത്, കെഎസ് രാജീവൻ, കെഇ ബിജുമോൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സുരേന്ദ്രൻ, സുനിൽകുമാർ തുടങ്ങിയവര്‍ നോട്ടുവേട്ട നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.